
തിരുവനന്തപുരം: കഴക്കൂട്ടം ബൈപാസ് റോഡ് കുരുതിക്കളം ആകുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണെന്ന് ആരോപണം. അപകടങ്ങൾ തുടർക്കഥയായിട്ടും പൊലീസിൻ്റെ ഭാഗത്തു നിന്ന് ഇത് തടയാൻ നടപടികൾ ഉണ്ടാകുന്നില്ല. നീണ്ടു നിവർന്ന് കിടക്കുന്ന റോഡിൽ അമിത വേഗതയും അശ്രദ്ധമായുള്ള റോഡ് മുറിച്ചു കടക്കലും പലപ്പോഴും ഇവിടെ ജീവനുകൾ പൊലിയാൻ കാരണമാകുന്നുണ്ട്. ഇന്നലെ ഇൻഫോസിസിന് മുന്നിൽ സിഗ്നൽ തെറ്റിച്ച് അമിത വേഗതയിലെത്തിയ കാറിടിച്ച് ഐ.ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. യു.എസ്.ടി ഗ്ലോബലിലെ ഐ.ടി ജീവനക്കാരി ആറ്റിങ്ങൽ സ്വദേശി അക്ഷര സത്യദാസിനെയാണ് (27) അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്.
ഇവരെ ഗുരുതര പരിക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. യു.എസ്.ടി ഗ്ലോബലിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ചാക്ക ഭാഗത്ത് നിന്നെത്തിയ വാഗണർ കാറാണ് യുവതിയെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവതി ഉയർന്ന് പൊങ്ങി കാറിന്റെ ഗ്ലാസിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണു.
അപകട ശേഷം നിറുത്താതെ പോയ കാർ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. വ്യാഴാഴ്ച ആറ്റിൻകുഴി ഭാഗത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്ന ടെക്നോപാർക്ക് ജീവനക്കാരനും കൊല്ലം സ്വദേശിയുമായ അരുൺ എന്ന യുവാവിനെ അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചിരുന്നു. നാട്ടുകാരാണ് ഇദ്ദേഹത്തെ അത് വഴിവന്ന സ്വകാര്യ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ബൈപ്പാസിൽ കഴിഞ്ഞ രണ്ടു വർഷമായി മത്സര ഓട്ടം ഇല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി പറയുമ്പോഴും ഇത് ഇവിടെ നിത്യസംഭവമാണെന്നാണ് നാട്ടുകാർ പറയുന്നത്.
സ്ഥലക്കച്ചവടം നടത്താന്‍ ഇടനിലക്കാരനായി: അഭിഭാഷകന്‍റ കൈ ബന്ധു തല്ലിയൊടിച്ചു, അറസ്റ്റ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam