ആലപ്പുഴയില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആളുകളെ വേണം; സ്ഥിരജോലി, മികച്ച പ്രതിഫലം ഒപ്പം താമസ സൗകര്യവും; ട്രോളല്ല!

By Web TeamFirst Published Jul 30, 2019, 5:24 PM IST
Highlights

ആലപ്പുഴയിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിന് പിന്നാലെയാണ് ജോലി ഒഴിവ് അറിയിപ്പിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്

ആലപ്പുഴ: പോസ്റ്റര്‍ ഒട്ടിക്കുന്നതിന് താമസ സൗകര്യവും വന്‍തുക പ്രതിഫലവുമായി ആലപ്പുഴയില്‍ പോസ്റ്ററുകള്‍. മുഴുവന്‍ സമയ ജോലിയാണ് വാഗ്ദാനം. ഇരുചക്രവാഹനം വേണമെന്ന നിബന്ധന മാത്രമാണ് ജോലിക്കായി നിഷ്കര്‍ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായാണ് വൈദ്യുതി പോസ്റ്റുകളിലും മതിലുകളിലും ജോലി ഒഴിവ് സംബന്ധിച്ച പോസ്റ്ററുകള്‍ കണ്ടുതുടങ്ങിയത്. പതിനെട്ടായിരം രൂപയും താമസ സൗകര്യവുമാണ് ജോലിക്ക് പ്രതിഫലം. ഫുള്‍ടൈം ആണെന്നും പോസ്റ്ററില്‍ എടുത്തുപറയുന്നുണ്ട്. 

ഗ്യാസ് സ്റ്റൗ വീട്ടില്‍ വന്ന് നന്നാക്കിക്കൊടുക്കുന്ന കമ്പനിയുടെ പരസ്യമാണ് ഒട്ടിക്കേണ്ടത്. എ ഫോര്‍ സൈസിലുള്ള 800 പോസ്റ്ററുകള്‍ ഒരു ദിവസം ഒട്ടിക്കണം. ഒരു ഏരിയയില്‍ രണ്ട് ഷിഫ്റ്റായിട്ടാണ് ജോലി. ഒട്ടിച്ചത് കടലാസിന്‍റെ പോസ്റ്ററുകള്‍ ആയതിനാല്‍ അവ മങ്ങിപ്പോവുകയും ചിലപ്പോള്‍ കീറി നശിക്കുകയും ചെയ്യുന്നതിനാല്‍ വീണ്ടും വീണ്ടും ഒട്ടിക്കേണ്ടി വരും. അതിനാല്‍ ജോലി നഷ്ടമാകുമെന്ന സംശയത്തിന്‍റെ കാര്യമില്ലെന്ന് നോട്ടീസിലെ നമ്പറുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി. 

പരസ്യം വളരെ സീരിയസ് ആയിട്ടുള്ളതാണെങ്കിലും ട്രോളായാണ് നിലവില്‍ സമൂഹമാധ്യമങ്ങള്‍ ഈ നോട്ടീസ് ഏറ്റെടുത്തിരിക്കുന്നത്. ആലപ്പുഴയിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിന് പിന്നാലെയാണ് ജോലി ഒഴിവ് അറിയിപ്പിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. 'സമീപകാലങ്ങളിലെ സംഭവ വികാസങ്ങൾ മുൻ നിർത്തി ഒന്ന് പറയാം. ആലപ്പുഴയിൽ ഈ പോസ്റ്റർ ഒട്ടിക്കൽ ജോലി ലേശം സാഹസികമായിരിക്കു'മെന്ന കുറിപ്പോടെയാണ് നോട്ടീസ് പ്രചരിക്കുന്നത്. 

സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ മതിലിലാണ് കാനത്തിനെതിരെയുള്ള പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.  പൊലീസ് അതിക്രമത്തിൽ എംഎൽഎ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടും പൊലീസ് നടപടി ന്യായീകരിക്കും വിധം വന്ന പ്രസ്താവനയുടെ പിന്നാലെയാണ് കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് എഴുതിയ പോസ്റ്റര്‍ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. 

സംഭവത്തില്‍ ജയേഷ്, ഷിജു, കൃഷ്ണകുമാർ എന്നിവരാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് സിസിടിവി പരിശോധനയിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു. അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. . 

click me!