ക്ഷേത്രങ്ങളില്‍ കവർച്ച നടത്തിയ പ്രതി പിടിയിൽ

By Web TeamFirst Published Jan 18, 2020, 11:33 PM IST
Highlights

ക്ഷേത്രങ്ങളില്‍ കവർച്ച നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: ക്ഷേത്രങ്ങളില്‍ കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. വയനാട് പടിഞ്ഞാറെത്തറ മുണ്ടക്കുറ്റി  കുന്നത്ത് വീട്ടിൽ എജിലാൽ (29) എന്ന കുപ്രസിദ്ധ ക്ഷേത്ര കവർച്ചക്കാരനാണ് പൊലീസിന്റെ പിടിയിലായത്.  2020 ജനുവരി 10ന് പുലർച്ചെ വാവാട് ശ്രീ ഭഗവതി ക്ഷേത്രത്തിലും പാലക്കുറ്റി സുബ്രമണ്യക്ഷേത്രത്തിലും  കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്.

ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് സൂക്ഷിച്ച സ്വർണാഭരണവും 50,000 ത്തോളം രൂപയും കളവ് പോയതിനെ തുടർന്ന് ക്ഷേത്ര കവർച്ചാ സംഘങ്ങളെ കേന്ദ്രീകരിച്ച് താമരശ്ശേരി ഡിവൈഎസ്പി അബ്ദുൾ റസാഖിന്റെ നേതൃത്വത്തിൽ നടത്തിയ അ6ന്വഷണത്തിലാണ് ഇയാൾ പിടിയിലായത്. 15-വയസു മുതൽ മോഷണം തുടങ്ങിയ എജി ലാൽ കോഴിക്കോട്,കുന്ദമംഗലം, കൊടുവള്ളി, വയനാട് ജില്ലയിലെ വൈത്തിരി ,കൽപ്പറ്റ  പടിഞ്ഞാറെത്തറ, മീനങ്ങാടി, ബത്തേരി ,മാനന്തവാടി എന്നിവിടങ്ങളിലെ നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും കളവ് നടത്തിയിട്ടുണ്ട്.

പല തവണ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം 2017ലാണ് പുറത്തിറങ്ങിയത്. കളവിനു ശേഷം  മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ആർഭാട ജീവിതം നയിക്കാറാണ് പതിവ്. പോലീസ് പിടികൂടുമ്പോൾ മാനസിക രോഗം അഭിനയിച്ച് കേസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയാണ് ഇയാളുടെ രീതി. മോഷണം നടത്തിയ സ്വർണവും പതിനായിരത്തോളം രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

താമരശ്ശേരി ഡിവൈഎസ്പി കെ പി അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ മാരായ രാജീവ് ബാബു, വി കെ സുരേഷ്,  എഎസ്ഐ ഷിബിൽ ജോസഫ്, എന്നിവരടങ്ങിയ സംഘം ഒളിവിൽ കഴിഞ്ഞിരുന്ന എജിലാലിനെ സൈബർ സെല്ലിന്റെയും സഹായത്തോടെ മൈസൂരിൽ വെച്ച് ഇന്ന്  കസ്റ്റഡിയിൽ എടുത്ത് കൊടുവള്ളിയിൽ എത്തിക്കുകയായിരുന്നു. സിഐ  പി ചന്ദ്രമോഹൻ , എസ്ഐ കെ സായൂജ് കുമാർ എന്നിവർ ചേർന്ന്
അറസ്റ്റ് ചെയ്ത പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.

click me!