വിലങ്ങഴിച്ച് വിരലടയാളം എടുത്തു; പ്രതി ഓടി രക്ഷപ്പെട്ടു

By Web TeamFirst Published Jul 6, 2019, 9:51 AM IST
Highlights

കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെയാണ് ചുമതലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസറെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെട്ടത്. ഓടുന്നതിന് ഇടയില്‍ ഇയാള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു

തിരുവനന്തപുരം: വിരലടയാളം എടുക്കുന്നതിനിടയില്‍ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി രക്ഷപ്പെട്ടു. ബൈക്ക് മോഷണക്കേസ് പ്രതിയാണ് തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മോഷണക്കേസിൽ പിടിയിലായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിൻ സ്റ്റാലിനെ എം ജി റോഡില്‍ നിന്ന് വാഹനം മോഷ്ടിച്ച സംഭവത്തിലാണ് പൊലീസ് പിടികൂടിയത്. 

കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെയാണ് ജിഡി ചുമതലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ അനിൽകുമാറിനെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെട്ടത്. ഓടുന്നതിനിടയില്‍ ഇയാള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. ശേഷം സ്റ്റേഷന് പിന്നിലെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പൊലീസുകാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിൻ രക്ഷപ്പെട്ടിരുന്നു.   

ക്രൈം വിഭാഗത്തിൽ ഏതാനും പൊലീസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. സിഐയും എസ്ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം. എന്നാല്‍ ചെരിപ്പിടാതെ രാൾ സ്റ്റേഷനിൽ നിന്നിറങ്ങി അരിസ്റ്റോ ജംഗ്ഷനിലേക്ക് പോകുന്നതു കണ്ടതായി സമീപത്തെ ജ്യൂസ് കടക്കാരനും ഹോട്ടൽ സെക്യൂരിറ്റിയും പൊലീസിനെ അറിയിച്ചിട്ടുണ്ട്. 

നിരവധി മോഷണക്കേസിലെ പ്രതിയായ സെബിൻ സ്റ്റാലിൻ ബൈക്ക് മോഷ്ടിക്കുന്നത് സിസിടിവിയിൽപ്പെട്ടതോടെയാണ് ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്. മാറന്നല്ലൂരിലെ വീട്ടില്‍ പ്രതിയെത്തിയറിഞ്ഞ പൊലീസ് വീ‍ട് വളയുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സെബിനെ പൊലീസുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മൂന്ന് ബുള്ളറ്റ് ബൈക്കുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്. 

click me!