
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാദഗ്ദാനം നൽകി പീഡിപ്പിച്ച് മുങ്ങിയ കേസിലെ പ്രതിയെ ഡാൻസാഫ് സംഘം പിടികൂടി. ചെമ്മരുതി ഞെക്കാട് വലിയവിള ബൈജു നിവാസിൽ പ്രിയേഷ് (25) ആണ് അറസ്റ്റിലായത്. വർക്കല അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് പ്രിയേഷ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയിരൂർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഡാൻസാഫ് സംഘം ഇയാളെ മുത്താന ഭാഗത്ത് നിന്നും രണ്ട് ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കല്ലമ്പലം പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായ പ്രിയേഷ്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ബൈക്കുകളും കണ്ടെത്തി. അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രി പരിസരത്തെ പാർക്കിങ് ഏരിയയിൽനിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായി. ഡാൻസാഫ് സംഘം ഇയാളെ അയിരൂർ പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam