
തിരുവനന്തപുരം: അയല്‍വാസിയെ റെയില്‍വേ ട്രാക്കില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. മുരുക്കുംപുഴ ചെറുകായല്‍ കര മാടന്‍കാവ് ക്ഷേത്രത്തിന് സമീപം പുത്തന്‍വീട്ടില്‍ പ്രമോജിനെ (42) യാണ് അയൽവാസി രാജുവിനെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം ഏഴാം അഡീ. സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴ തുക മരിച്ച രാജുവിന്‍റെ ഭാര്യയും കേസിലെ ഒന്നാം സാക്ഷിയുമായ സതിക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2017 ഡിസംബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയെ മുന്‍പ് ദേഹോപദ്രവം ഏല്‍പ്പിച്ചതിന്‍റെ വിരോധം കാരണം അയല്‍ വാസി കൂടിയായ രാജുവിനെ റെയില്‍വേ ട്രാക്കിലിട്ട് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ രാജു ട്രാക്കില്‍ മറിഞ്ഞ് വീണ് തല ഇടിച്ച് മരിച്ചെന്നായിരുന്നു പ്രതിഭാഗം വാദം. ദൃക്‌സാക്ഷികളായ സതി, അബരീഷ് എന്നിവര്‍ പ്രതി, രാജുവിനെ തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നത് കണ്ടതായി മൊഴി നൽകി. പ്രതിയുടെ മരണം തലക്കേറ്റ മാരകമായ പരുക്കുകളാണെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷാരിജ മൊഴി നല്‍കിയതും നിര്‍ണ്ണായകമായി. 28 സാക്ഷികള്‍, 13 രേഖകള്‍, ഏഴ് തൊണ്ടിമുതലുകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. മംഗലാപുരം പൊലീസാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃശൂര്‍ കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. 2021 ഒക്ടോബർ 22-നാണ് സിഐടിയു യൂണിയൻ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെ (39 ) പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെട്ടുക്ക പറമ്പിൽ ഇസ്മയിൽ മകൻ ഷാജഹാൻ (50) വലിയകത്ത് ഷാജി മകൻ ഷബീർ (30) പരിക്കുന്നു വീട്ടിൽ അബ്ബാസ് മകൻ അമൽ സാലിഹ് (31) എന്നിവർ ചേർന്ന് പകൽ 3:30 മണിക്ക് കാളത്തോട് മുസ്ലിം പള്ളിയുടെ മുൻവശത്തുള്ള പാർപ്പിടം റോഡിൽ വച്ച് മാരകായുധങ്ങളായ കൊടുവാൾ, വടിവാൾ, ഇരുമ്പു വടി എന്നിവ ഉപയോഗിച്ച് ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊവിഡ് കാലഘട്ടത്തിൽ മീൻ കച്ചവടം തുടങ്ങിയ നാച്ചു കാളത്തോട് ഇന്ത്യൻ ബാങ്കിന്റെ സമീപത്ത് സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ആക്രമിച്ച് പാർപ്പിടം റോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആയ ജഡ്ജ് ആയ ടി കെ മിനിമോൾ ആണ് ശിക്ഷ വിധിച്ചത്.