പ്ലാസ്റ്റിക് കയറിൽ കുടുങ്ങി മൃതപ്രായയിലായ പശുവിനെ രക്ഷപ്പെടുത്തി. ഇൻസ്‌പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശവാസികളുടെ സഹായത്തോടെ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ പ്ലാസ്റ്റിക് കയർ മുറിച്ചുമാറ്റി പശുവിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു.
മാള: ഇലക്ഷൻ പട്രോളിങ്ങിന്റെ തിരക്കിനിടയിൽ വേറിട്ടൊരു രക്ഷാപ്രവർത്തനം നടത്തി മാള പൊലീസ്. കുണ്ടൂർ ചെത്തിക്കോട് പാടശേഖരത്തിൽ പ്ലാസ്റ്റിക് കയർ ശരീരത്തിലും കഴുത്തിലും കുടുങ്ങി വലിഞ്ഞു മുറുകി മൃതപ്രായത്തിലായ പശുവിനെ യാദൃശ്ചികമായി കണ്ട പൊലീസ് സംഘം, ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ പശുവിനെ രക്ഷപ്പെടുത്തി. മാള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘം ഇലക്ഷനോടനുബന്ധിച്ച് പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് റോഡരികിലുള്ള പാടശേഖരത്തിൽ പ്ലാസ്റ്റിക് കയർ കഴുത്തിലും ശരീരത്തിലും മുറുകി അവശനിലയിൽ ജീവനുവേണ്ടി മല്ലിട്ട് കിടക്കുന്ന പശുവിനെ കണ്ടത്.
ഉടൻ തന്നെ പൊലീസ് സംഘം ജീപ്പ് നിർത്തി പുറത്തിറങ്ങി പശുവിനെ ചുറ്റി വരിഞ്ഞിരുന്ന പ്ലാസ്റ്റിക് കയർ അഴിക്കാൻ ശ്രമിക്കുകയും അകിന് സാധിക്കാതെ വന്നപ്പോൾ പ്രദേശവാസികളുടെ സഹായത്തോടെ ഏറെ സൂക്ഷ്മതയോടെ പ്ലാസ്റ്റിക് കയർ മുറിച്ചുമാറ്റി പശുവിന്റെ ജീവൻ രക്ഷിക്കുകയുമായിരുന്നു. ദീർഘനേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് പശുവിനെ രക്ഷിക്കാനായത്. മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശിക്കൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിബീഷ്, ജിബിൻ, ഡേവിസ് എന്നിവരാണ് രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നത്.


