
കൊച്ചി: ഡോക്ടറേയും ആശുപത്രിജീവനക്കാരെയും ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ മുളവൂർ പെഴക്കാപിള്ളി കരയിൽ പുന്നോപ്പടി ഭാഗത്ത് കൊച്ചുമാരിയിൽ വീട്ടിൽ നിയാസ് കൊച്ചുമുഹമ്മദ് (40), നവാസ് കൊച്ചുമുഹമ്മദ് (36) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഗർഭസ്ഥശിശു മരിക്കാൻ ഇടയായ സംഭവം ചികിത്സാ പിഴവാണെന്ന് ആരോപിച്ചുകൊണ്ട് മുവാറ്റുപുഴയിലെ പ്രമുഖ വന്ധ്യതനിവാരണ ആശുപത്രിയിൽ അതിക്രമിച്ച് കടന്ന് ആക്രമണം അഴിച്ച് വിടുകയായിരന്നു. മുവാറ്റുപുഴ ഡി വൈ എസ് പി എസ്.മുഹമ്മദ്‌റിയാസിന്‍റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ,എൻ.രാജേഷ്, സബ് ഇൻസ്‌പെക്ടർ എസ്.എൻ.ഷീല, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ പി.എസ്.ജോജി എന്നിവർ അടങ്ങിയ അന്വേഷണസംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
ഇതിനിടെ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ തിരുവനന്തപുരത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കാട് തളിയൽ സ്വദേശി സെന്തിൽ ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷൻ പരിധിയിൽ നെടുങ്കാട് മുളയറത്തല ഭാഗത്ത് വച്ച് സെന്തിലും നെടുങ്കാട് സ്വദേശി നന്ദുവും തമ്മിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. പ്രകോപനം ഉണ്ടായതോടെ സെന്തിൽ കത്തി ഉപയോഗിച്ച് അഞ്ച് തവണ നന്ദുവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നന്ദു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കരമന സി.ഐ സുജിത്ത്, എസ്.ഐ സന്തു, രാധാകൃഷ്ണൻ, സി.പി.ഒമാരായ സജീവ്, സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറ്റൊരു കേസില്‍ ചേര്‍ത്തലയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര -വയലാർ വാർഷിക ദിനാചരണത്തിനിടെ അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രദേശവാസിയായ വീട്ടമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കേസിലാണ് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ രമണിക വീട്ടിൽ ആരോമൽ (24), വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ കരിയിൽ വീട്ടിൽ അഖിൽ (21) എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് തുടയെല്ല് പൊട്ടിയ സരസമ്മ (72) ഇപ്പോഴും ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam