മയ്യനാട് ബാങ്ക് ക്രമക്കേടിലെ ആരോപണ വിധേയൻ ബ്രാഞ്ച് സെക്രട്ടറിയായി, സി പി എമ്മിൽ അമർഷം

By Web TeamFirst Published Oct 4, 2021, 7:55 AM IST
Highlights

ക്രമക്കേടുകളുടെ പേരിൽ ബാങ്ക് പ്രസിഡന്റിനെ നേരത്തെ പുറത്താക്കിയിരുന്നെങ്കിലും സെക്രട്ടറിയെ നീക്കാൻ സി പി എം തയാറായിരുന്നില്ല.

കൊല്ലം: മയ്യനാട് സഹകരണ ബാങ്കിലെ (Co-operative Bank) സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്ന ജീവനക്കാരനെ പാർട്ടി ബ്രാഞ്ച് ()Branch Secretary സെക്രട്ടറിയായി തിരഞ്ഞെടുത്ത് സിപിഎം (CPM). കൊല്ലം മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപണമുയർന്ന ബാങ്ക് സെക്രട്ടറിയ്ക്കാണ് പാർട്ടിയുടെ അംഗീകാരം. ക്രമക്കേടുകളുടെ പേരിൽ ബാങ്ക് പ്രസിഡന്റിനെ നേരത്തെ പുറത്താക്കിയിരുന്നെങ്കിലും സെക്രട്ടറിയെ നീക്കാൻ സി പി എം തയാറായിരുന്നില്ല.

മയ്യനാട് അക്കരത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ് രാധാകൃഷ്ണന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ. ആരോപണ വിധേയരെ പാർട്ടി പദവികളിൽ നിന്ന് മാറ്റി നിർത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം നിലനിൽക്കുമ്പോഴാണ് മയ്യനാട്ടെ സി പി എം സാമ്പത്തിക ക്രമക്കേട് ആരോപണ വിധേയനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത് അഭിവാദ്യമർപ്പിക്കുന്നത്. മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ വായ്പാ തിരിമറിയിലൂടെ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് രാധാകൃഷ്ണൻ നടത്തിയെന്നാണ് പരാതി ഉയർന്നത്. 

ഈ പരാതിയിൽ സഹകരണ വകുപ്പും സി പി എമ്മും പ്രഖ്യാപിച്ച അന്വേഷണങ്ങൾ തുടരുന്നതിനിടെയാണ് പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. ക്രമക്കേടുകളുടെയും പാർട്ടി നേതൃത്വത്തിനെതിരായ വിമർശനങ്ങളുടെയും പേരിൽ ബാങ്ക് ഭരണ സമിതി പ്രസിഡന്റ് ശ്രീ സുതനെ നീക്കിയിരുന്നു. എന്നാൽ സ്വന്തം ബന്ധുക്കൾക്ക് വഴിവിട്ട് വായ്പ നൽകി എന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നിട്ടും സെക്രട്ടറിയെ മാറ്റാൻ സി പി എം തയാറായിരുന്നില്ല. ഇതിൽ പാർട്ടിയിൽ അമർഷം നിലനിൽക്കുന്നതിനിടെയാണ് രാധാകൃഷ്ണനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കു കൂടി തിരഞ്ഞെടുത്തത്.
 

click me!