
തിരുവനന്തപുരം: സ്കൂൾ പഠനകാലത്ത് 14 വയസ്സുകാരിക്ക് നേരെ ട്യൂഷൻ അധ്യാപകൻ ലൈംഗിക അതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 33 വർഷം കഠിനതടവും 60,000 രൂപ പിഴ ശിക്ഷയും. പുത്തൻതോപ്പ് സ്വദേശി സെബാസ്റ്റ്യൻ ഷൈജു(33) എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തി കോടതി ശിക്ഷിച്ചത്.
ട്യൂഷൻ സമയത്തെ പീഡനം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്യുകയും, ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ച ശേഷം പെൺകുട്ടിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ഡിസ്ട്രിക്ട് ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2014- ൽ പ്രതി ട്യൂഷൻ എടുത്ത് വന്നിരുന്ന വീട്ടിൽ വച്ച് പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിക്കുകയും, തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തുടർച്ചയായി, ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു. തുടർന്ന് ഇതൊക്കെ പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്ത് ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചു. തുടർന്നും ഭീഷണിപ്പെടുത്തി വന്നതോടെ പെൺകുട്ടി വഴങ്ങിയില്ല. ഇതിലുള്ള വിരോധം മൂലം പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുകയും, 2017 ക്രിസ്മസ് ദിവസം പെൺകുട്ടിക്ക് ഫോണിലൂടെ അയച്ചുകൊടുക്കുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു പ്രോസിക്യൂഷൻ പ്രതിക്കെതിരെ ആരോപിച്ചിരുന്ന കുറ്റം.
സാക്ഷി മൊഴികളുടെയും സൈബർ ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. കേസിന്റെ വിചാരണ സമയത്ത് അതിജീവിത മരണപ്പെട്ടിരുന്നു. പ്രതിക്കെതിരെ ബലാത്സംഗ കുറ്റം, പോക്സോ പ്രകാരമുള്ള ലൈംഗിക അതിക്രമം, സൈബർ നിയമത്തിലെ കുറ്റകൃത്യം എന്നിവ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി. ഐപിസി വകുപ്പുകൾ പ്രകാരം പ്രതിക്ക് 15 വർഷം കഠിനതടവും 25,000 രൂപ പിഴ ശിക്ഷയും, ഒപ്പം പോക്സോ പ്രകാരം 15 വർഷം കഠിനതടവും 25,000 രൂപ പിഴ ശിക്ഷയും, ഐ ടി ആക്ട് പ്രകാരം മൂന്ന് വർഷം കഠിനതടവും 10,000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു.
Read more: പോക്സോ കേസ്: എറണാകുളത്ത് കരാട്ടെ, തയ്ക്വാൻണ്ടോ അധ്യാപകര്‍ക്ക് കഠിനതടവും പിഴയും ശിക്ഷ
25,000 രൂപ വീതമുള്ള പിഴത്തുക കെട്ടിവെക്കുവാൻ വീഴ്ച വരുത്തിയാൽ ആറുമാസം വീതം കഠിന തടവും, 10,000 രൂപ പിഴയിൽ വീഴ്ച വന്നാൽ ഒരു മാസംകഠിന തടവും കൂടുതലായി അനുഭവിക്കണമെന്നും ഉത്തരവിൽ പറയുനനു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. കഠിനംകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത് കടക്കാവൂർ സിഐ ആയിരുന്ന ജിബിമുകേഷ് ആണ്. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ തെളിവായി നൽകുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam