
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അഗ്നിശമന സേനയിൽ ആദ്യ ഫയർവുമണാകാനുള്ള ചരിത്ര നിയോഗത്തിനുള്ള ഒരുക്കത്തിലാണ് പൂങ്കാവ് ചണപ്പറമ്പിൽ വിജയദേവിന്റെയും ഷൈലയുടെയും മകളായ ശ്രീന. ജില്ലാ അടിസ്ഥാനത്തിൽ ഫയർവുമൺ സ്ഥാനത്തേക്കു നടത്തിയ പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയാണ് ശ്രീന ഈ നേട്ടം കരസ്ഥമാക്കിയത്.
അഗ്നിരക്ഷാസേനയിൽ സ്ത്രീകളെ നിയമിക്കാൻ സർക്കാർ ഉത്തരവായതോടെ ഈ തസ്തികക്ക് ശ്രീന അപേക്ഷിച്ചത്. നങ്ങ്യാർ കുളങ്ങര ടികെഎം കോളജിൽ നിന്ന് എംഎസ്സി ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീന പിഎസ്‌സി പരീക്ഷകൾക്കായി തയാറെടുക്കുമ്പോഴാണ് ഫയർവുമൺ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത്.
അഡ്വൈസ് മെമ്മോയ്ക്കുവേണ്ടി കാത്തിരിക്കുകയാണിപ്പോൾ. ഇതിനായി തൃശൂരിൽ ആറ് മാസത്തെ ട്രെയിനിങ് പൂർത്തിയാക്കേണ്ടതുണ്ട്. പിന്നീടാണ് നിയമനം ലഭിക്കുക. പ്രിലിമിനറി, മെയിൻ പരീക്ഷകൾ പാസായി. തുടർന്നു പൊലീസ് സേനയിള്ളതിനു സമാനമായ കായികക്ഷമതയെന്ന കടമ്പയും വിജയകരമായി പൂർത്തിയാക്കിയാണ് ശ്രീന ഒന്നാംറാങ്ക് നേടിയത്. ആലപ്പുഴ എആർ ക്യാംപിലെ സിപിഒ രാജേഷ് കുമാറാണ് ഭർത്താവ്.
നവ മലയാള സിനിമകളുടെ പ്രദർശനവുമായി ബാനർ ഫിലിം സൊസൈറ്റി
ബാനർ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന നവ മലയാള ചലച്ചിത്ര മേള ഏപ്രിൽ 30-ാം തീയതി, ഞായറാഴ്ച വഴുതക്കാട് ലെനിൻ ബാലവാടിയിൽ നടക്കും. തീയറ്ററുകളിൽ റിലീസ് ചെയ്യാത്ത മൂന്ന് മലയാള സിനിമകളാണ് ബാനർ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ഡോ. ബിജു സംവിധാനം ചെയ്ത ,'ഓറഞ്ച് മരങ്ങളുടെ വീട്' രാവിലെ 10 മണിക്ക് പ്രദർശിപ്പിക്കും.
നെടുമുടി വേണു നായക വേഷത്തിലും പി.ബാലചന്ദ്രൻ പ്രധാന വേഷത്തിലും അഭിനയിച്ച അവസാന സിനിമയാണിത്. സിൻസിനാറ്റി, കൊൽക്കത്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചു. തുടർന്ന് 11:30 നു പ്രേംചന്ദ് സംവിധാനം ചെയ്ത , ജോൺ എബ്രഹാമിന്റെ ജീവിതം പകർത്തിയ 'ജോൺ' എന്ന ചിത്രം ആദ്യമായി തിരുവനന്തപുരത്തെ പ്രേക്ഷകർക്കു മുന്നിലെത്തും. ഉച്ച കഴിഞ്ഞ് 2.30ന്, മജു സംവിധാനം ചെയ്ത് 2022- ൽ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായ 'അപ്പൻ' അവതരിപ്പിക്കും.