
മാവേലിക്കര: മാവേലിക്കര പുന്നമൂട് ജങ്ഷന് സമീപം ആളില്ലാത്ത നാലോളം വീടുകളുടെ മുൻവാതിൽ കുത്തിതുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. തിരുവല്ല, കുറ്റപ്പുഴ, പന്ത്രുമലയിൽ വീട്ടിൽ റോയി എന്ന് വിളിക്കുന്ന നസീമിനെ (52) യാണ് ചെങ്ങന്നൂർ ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. മാവേലിക്കര പുന്നമൂട് ജങ്ഷന് കിഴക്ക് പോനകം ഭാഗത്ത് ആളില്ലാത്ത നാലോളം വീടുകളുടെ മുൻവാതിൽ കുത്തിതുറന്ന് പണവും, സ്വർണ്ണവും, വിദേശ കറൻസികളും മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ മേൽനോട്ടത്തിൽ മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് നിരവധി മോഷണ കേസിൽ പ്രതിയായ നസീമാണ് ഈ മോഷ്ടാവ് എന്ന് തിരിച്ചറിയുന്നത്. പിന്നീട് ഇയാളെ തിരുവല്ലയിൽ നിന്നും പിടികൂടുകയായിരുന്നു. കോഴിക്കോട്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിരവധി മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.
അവധി ദിവസങ്ങളിൽ ഉച്ചയോടെ തിരുവല്ലയിൽ നിന്നും ബസിൽ കയറി തൃശ്ശൂരിൽ ചെന്നിറങ്ങി അവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോയാണ് മോഷണം നടത്തിയിരുന്നത്. മോഷണം നടത്തി നേരം പുലരും മുൻപ് ബസ് കയറി തിരികെ പോകുന്നതാണ് ഇയാളുടെ രീതി. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
എസ് ഐ മാരായ ഇ നൗഷാദ്, അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗംഗാപ്രസാദ്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്ക്കർ, സിവിൽ പൊലീസ് ഓഫീസറായ അനന്ത മൂർത്തി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. നസീമിനെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam