1997-ലെ കൊലപാതക കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങി, എംഡിഎംഎ വിൽപ്പന തൊഴിലാക്കി, പ്രതിയെ തടങ്കലിലാക്കി പൊലീസ്

By Web TeamFirst Published Jan 18, 2023, 10:27 PM IST
Highlights

ചിറയിന്‍കീഴ്, മംഗലപുരം, കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസില്‍പ്പെട്ടയാളെ ഗുണ്ടാ ആക്‌ട് പ്രകാരം അറസ്റ്റു ചെയ്തു

തിരുവനന്തപുരം: ചിറയിന്‍കീഴ്, മംഗലപുരം, കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസില്‍പ്പെട്ടയാളെ ഗുണ്ടാ ആക്‌ട് പ്രകാരം അറസ്റ്റു ചെയ്തു. പെരുങ്ങുഴി നാലുമുക്ക് വിശാഖംവീട്ടില്‍ ശബരിനാഥി (42)നെയാണ് ആറ്റിങ്ങല്‍ ഡിവൈ എസ് പി ജി ബിനു, ചിറയിന്‍കീഴ് എസ് എച്ച്‌ ഒ ജി ബി മുകേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

1997ല്‍ പെരുങ്ങുഴി നാലുമുക്കില്‍ നടന്ന ഒരു കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. ചിറയിന്‍കീഴ്, മംഗലപുരം, കടയ്ക്കാവൂര്‍ സ്റ്റേഷനുകളിലും നെയ്യാറ്റിന്‍കര എക്സൈസ് കേസിലും പ്രതിയായ ഇയാളെ എം ഡി എം എ വന്‍ വില്‍പ്പന നടത്തിയപ്പോള്‍ കടയ്ക്കാവൂരില്‍വച്ച്‌ പൊലീസ് പിടികൂടിയിരുന്നു. 

റൗഡി ലിസ്റ്റിൽ പെട്ട ഇയാള്‍ക്കെതിരെ ചിറയിന്‍കീഴ് എസ് എച്ച്‌ ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കല്‍ ഉത്തരവ്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു. 2022 -23 ല്‍ തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 18 പേര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരം നടപടികള്‍ സ്വീകരിച്ചുവെന്നും 38 ഗുണ്ടകള്‍ക്കെതിരെ നടപടിയെടുത്തുവെന്നും പൊലീസ് അറിയിച്ചു. 

Read more:  അമ്മയുടെ മാല പൊട്ടിച്ച കള്ളന്മാരെ ഗ്രാമം വളഞ്ഞ് 15 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി മകനും നാട്ടുകാരും

അതേസമയം, കൊല്ലത്ത് ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പൂതക്കുളം സ്വദേശി ജയചന്ദ്രനെയാണ് പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപാനിയായ ജയചന്ദ്രൻ പണം ആവശ്യപ്പെട്ട് സ്ഥിരമായി ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തിയ പ്രതിയും ഭാര്യയും തമ്മിൽ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയചന്ദ്രൻ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വീട്ടമ്മയുടെ തല നിരവധി തവണ ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പരിക്കേറ്റ വീട്ടമ്മയുടെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഇവർ നൽകിയ പരാതിയിൽ ജയചന്ദ്രനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

click me!