
പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പാലക്കാട് ടസ്കര്‍ 7 ( പി ടി 7) എന്ന കാട്ടാനയെ തളയ്ക്കാൻ മൂന്ന് കുങ്കിയാനകൾ വേണമെന്ന് ദൗത്യസംഘം. പി ടി 7 നെ മയക്കുവെടി വെച്ച ശേഷം പിറകിൽ നിന്ന് തള്ളാനാണ് മൂന്നാമത്തെ കുങ്കിയാന. മുൻകരുതലിനായാണ് മൂന്നാമത്തെ കുങ്കിയാനയെന്ന് ദൗത്യസംഘം അറിയിച്ചു. മുത്തങ്ങയിലെ സുരേന്ദ്രൻ എന്ന കുങ്കിയാനയെയാണ് ആവശ്യപ്പെട്ടത്. മുഖ്യവനപാലകന്‍റെ അനുമതി ലഭിച്ചാലുടൻ മൂന്നാമത്തെ കുങ്കിയാന ധോണിയിലെത്തും. നാളത്തെ അവലോകന യോഗത്തിന് ശേഷം എപ്പോൾ മയക്കുവെടി വെക്കണമെന്ന് തീരുമാനിക്കുമെന്നും ദൗത്യസംഘം വ്യക്തമാക്കി.
പി ടി 7 ഇന്ന് പുലർച്ചെയും ജനവാസ മേഖലയിലിറങ്ങിയിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് പിടി സെവൻ ഇറങ്ങിയത്. ആദ്യം മേലെ ധോണിയിലെ ഒരു തോട്ടത്തിലൂടെ കാടിറങ്ങി. പിന്നാലെ തൊട്ടടുത്തുളള കുന്നത്തുകളം ഗോപാലകൃഷ്ണന്‍റെ വീടിന്‍റെ മതില്‍ പൊളിച്ചു. ശേഷം പതിവുപോലെ, മായാപുരത്തേക്കും തുടര്‍ന്ന് അംബ്ദേകർ കോളനി വഴി കാടിന്‍റെ മറുവശത്തേക്കും പോയി. പ്രദേശത്തെ നെൽപ്പാടത്തും പിടി സെവൻ എത്തി. കൊയ്യാനായ പാടത്ത് നാശമുണ്ടാക്കി. വെള്ളി, ശനി ദിവസങ്ങളിലൊന്നിൽ പിടി സെവനെ മയക്കുവെടി വയ്ക്കാനാണ് നിലവിലുള്ള ഒരുക്കും. നടപടികൾ വൈകുകയാണേൽ തിങ്കളാഴ്ച മുതൽ ജനകീയ പ്രക്ഷോഭം നടത്താനാണ് ധോണിയിലെ ജനങ്ങളുടെ തീരുമാനം.
Also Read: പി ടി സെവൻ വീണ്ടും ജനവാസമേഖലയിൽ, വീടിന്റെ മതിൽ തകർത്തു, ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ പി ടി 7, 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്ന പിടി സെവൻ എന്ന കാട്ടാന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam