
തൃശൂർ: പ്രവാസി യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് 23 ലക്ഷം തട്ടിയ പ്രതി അറസ്റ്റില്. കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ 70കാരൻ നൽകിയ പരാതിയിൽ കോഴിക്കോട് അവല സ്വദേശി മന്നമാൾ വീട്ടിൽ ലത്തീഫിനെ (44) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. നദീറ ഷാൻ എന്ന പേരിൽ പ്രവാസി യുവതിയാണെന്ന വ്യാജേനയാണ് ലത്തീഫ് തട്ടിപ്പ് നടത്തിയത്.
70കാരനുമായി നിരന്തരം ഫേസ്ബുക്കിലൂടെ സന്ദേശം കൈമാറിയ പ്രതി തന്റെ 11കാരിയായ മകൾക്ക് രക്താർബുദമാണെന്നും ചികിത്സയിലാണെന്നും 20 ലക്ഷം രൂപയോളം ചികിത്സക്ക് ചെലവായെന്നും വിശ്വസിപ്പിച്ചു. തുടർന്ന് തവണകളായി തിരിച്ചുനൽകാമെന്ന് പറഞ്ഞ് ഗൂഗിൾ പേ വഴി 15 ലക്ഷത്തോളം രൂപ കൈപ്പറ്റി. പിന്നീട് നദീറ ഷാനിന്റെ അനുജത്തിയുടെ ഭർത്താവ് ലത്തീഫ് ആണെന്നും തനിക്കും അർബുദമാണെന്നും വിശ്വസിപ്പിച്ച് എട്ട് ലക്ഷത്തോളം രൂപയും തവണകളായി വാങ്ങി. പണം തിരിച്ചുചോദിച്ചപ്പോൾ ലഭിക്കാതായപ്പോഴാണ് ചതിക്കപ്പെട്ടെന്ന് 70കാരൻ മനസ്സിലാക്കിയതും ഇരിങ്ങാലക്കുട സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതും. ഇരിങ്ങാലക്കുട സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
ഫേസ്ബുക്കിൽ നിന്ന് സ്ത്രീകളുടെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച്, ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടുന്നവരുമായി ബന്ധപ്പെട്ടാണ് പ്രതി തട്ടിപ്പ് നടത്തിവരുന്നത്. പൊലീസ് പരിശോധനയിൽ പ്രതിക്ക് വിവിധ ബാങ്കുകളിലായി ബന്ധുക്കളുടെയും സുഹൃത്തുകളുടെയും പേരിൽ ആറോളം അക്കൗണ്ടുകളുണ്ടെന്നും പത്തിലധികം സിം കാർഡുകളുണ്ടെന്നും കണ്ടെത്തി. ലത്തീഫിനെതിരെ കോഴിക്കോട് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ അടിപിടി, മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ സർക്കാർ ജീവനക്കാരന്റെ കൃത്യനിർവഹണത്തിൽ തടസ്സം വരുത്തൽ, കളവ്, തീവെപ്പ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളുണ്ട്. റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വർഗീസ് അലക്സാണ്ടറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam