ജിയോട്യൂബ്, പുലിമുട്ട്, ഡയഫ്രംവാൾ എന്നിങ്ങനെ നിരവധി നിർദേശങ്ങൾ, ശംഖുംമുഖത്തെ രക്ഷക്കാൻ കർമപദ്ധതി ഒരുങ്ങുന്നു

Published : Jun 21, 2025, 02:44 PM ISTUpdated : Jun 21, 2025, 02:45 PM IST
shangumugam beach

Synopsis

കടലെടുത്തുകൊണ്ടിരിക്കുന്ന ശംഖുംമുഖം തീരത്തെ സംരക്ഷിക്കാൻ വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. ജിയോബാഗ്, ജിയോ ട്യൂബുകൾ, പുലിമുട്ടുകൾ എന്നിവ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ പരിഗണനയിലാണ്. 

തിരുവനന്തപുരം: ദിവസേന കടലെടുത്തുകൊണ്ടിരിക്കുന്ന ശംഖുംമുഖത്തിനെ സംരക്ഷിക്കാൻ കർമപദ്ധതി ഒരുങ്ങുന്നു. സ്ഥലം എംഎൽഎ ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ശംഖുംമുഖത്ത് നിലവിലുള്ള ആറാട്ട് മണ്ഡപം സംരക്ഷിക്കുന്നതിന് മണ്ഡപത്തിന്‍റെ പടിഞ്ഞാറു ഭാഗത്ത് 120 മീറ്റർ നീളത്തിൽ ജിയോബാഗ് സ്ഥാപിച്ച് തീരം സംരക്ഷിക്കും. ഇതിനുള്ള പദ്ധതി ജലസേചന വകുപ്പ് വിനോദ സഞ്ചാരവകുപ്പിന് അടിയന്തരമായി സമർപ്പിക്കും.

തീരക്കടലിൽ ആറുമീറ്റർ താഴ്ചയുള്ള ഭാഗത്ത് ജിയോ ട്യൂബുകൾ സ്ഥാപിച്ച് നിശ്ചിത അളവിൽ മണൽ നിറച്ചാൽ തീരത്തെ സംരക്ഷിക്കാനാകുമെന്ന് തീരദേശ വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥരും നിർദ്ദേശിച്ചു. നിലവിലുള്ള ഡയഫ്രം വാളിന്‍റെ ദൈർഘ്യം വർധിപ്പിച്ച് തീരം സംരക്ഷിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

തീരത്തിന്‍റെ തെക്കും വടക്കുമായി 160 മീറ്റർ അകലത്തിൽ തീരത്ത് നിന്ന് 235 മീറ്റർ നീളത്തിൽ രണ്ട് പുലിമുട്ടുകൾ നിർമ്മിച്ച് സംരക്ഷിക്കാനുള്ള ഇറിഗേഷൻ വകുപ്പിന്‍റെ പദ്ധതിയും യോഗം വിലയിരുത്തി. മൂന്ന് വകുപ്പുകൾ നിർദ്ദേശിച്ച പദ്ധതിയിൽ ഒരെണ്ണം തിരഞ്ഞെടുത്ത് സർക്കാരിന് ശുപാർശ ചെയ്യാനാണ് തീരുമാനം. അടുത്ത കാലവർഷത്തിനുള്ളിൽ തീരം സംരക്ഷിക്കത്തക്ക വിധത്തിൽ പദ്ധതി നടപ്പാക്കും. നാഷണൽ സെന്‍റര്‍ ഫോർ കോസ്റ്റൽ റിസർച്ചിന്‍റെ സാങ്കേതിക ഉപദേശകനായ എം വി രമണമൂർത്തിയുടെ സാന്നിധ്യത്തിൽ ഈ മാസം തന്നെ ഉന്നതതല യോഗം ചേർന്ന് പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.

ശക്തമായ കടലാക്രമണത്തിൽ ശംഖുംമുഖത്തുനിന്ന് ആഭ്യന്തര വിമാനത്താവളത്തിലേക്കു പോകുന്ന ഇരട്ടവരി റോഡിന്‍റെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം നേരത്തെ അടച്ചിരുന്നു. തിരയടിച്ചുകയറിയുണ്ടാകുന്ന മണ്ണിടിച്ചില്‍ തീരത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയുടെ പലഭാഗങ്ങളും കടലെടുത്തു. ബീച്ചിന് സമീപത്തെ പഴയ കോഫി ഹൗസ്, പഴയ കൊട്ടാരം എന്നീ കെട്ടിടങ്ങളും ഭീഷണിയിലാണ്. ശംഖുംമുഖത്ത് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ തീരത്തോടുചേര്‍ന്ന് മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍, വിനോദസഞ്ചാരികള്‍ക്ക് ഇരിപ്പിടങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി കരിങ്കല്ലുകള്‍ നിരത്തിയിട്ടുണ്ട്. എന്നാല്‍, ശക്തമായ തിരമാലകള്‍ കല്ലുകളെ വലിച്ചെടുത്തതിനാല്‍ ഈ ഭാഗങ്ങളും തകർന്നിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു