ആലപ്പുഴ മെഡി. കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോ. തങ്കു തോമസ് കോശിയെ മാറ്റിനിര്‍ത്തും

By Web TeamFirst Published Dec 7, 2022, 7:19 PM IST
Highlights

അന്വേഷണം കഴിയുന്നത് വരെയാണ് മാറ്റി നിര്‍ത്തുക. മരിച്ച അപര്‍ണയുടെ ബന്ധുക്കള്‍ക്ക് ആലപ്പുഴ കളക്ടര്‍ ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കി.

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ തങ്കു തോമസ് കോശിക്ക് രണ്ടാഴ്ച നിര്‍ബന്ധിത അവധി. സിസേറിയന്‍ സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്ന തങ്കു കോശിക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന ബന്ധുക്കളുടെ  നിലപാടിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. ചികിത്സാപിഴവ് മൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ആലപ്പുഴ കൈനകരി സ്വദേശി രാംജിത്തിന്‍റെ ഭാര്യ അപർണയെ ലേബർ മുറിയിൽ കയറ്റുന്നത് ഇന്നലെ വൈകിട്ട് 3 നാണ്. നാല് മണിക്ക് സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചു. ഇന്നു പുലര്‍ച്ചെ അമ്മയും മരിച്ചു. രണ്ട് പേരുടെയും ഹൃദയമിടിപ്പ് 20 ഗതമാനത്തിൽ താഴെയായിരുന്നുവെന്നും ഇതാണ് മരണകാരണം എന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരുടെ  രംഗത്തെത്തിയതോടെയാണ് മെഡിക്കല്‍ കോളേജ് സംഘര്‍ഷഭരിതമായത്. 

അപര്‍ണയെ ചികിത്സിച്ച സീനിയർ ഡോക്ടർ പ്രസവമുറിയിൽ ഇല്ലായിരുന്നുവെന്നും തങ്കു തോമസ് കോശിക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നുമായിരുന്നു ബന്ധുക്കളുടെ നിലപാട്. വൈകിട്ട് നാലുമണിക്ക് പോസ്റ്റുമോര്‍ട്ടത്തിേന് ശേഷം മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതോടെ വീണ്ടും സംഘര്‍ഷം തുടങ്ങി. തുടര്‍ന്ന് ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി. ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പുമായും ബന്ധപ്പെടും. തുടര്‍ന്ന് അന്വേഷണം കഴിയുന്നത് വരെ തങ്കു തോമസ് കോശിയെ രണ്ടാഴ്ചത്തേക്ക് നിര്ബന്ധിത അവധിയില്‍ പോകാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് ആറരയോടെ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഫോറൻസിക് വകുപ്പ് മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കൽ കോളേജും ഡിഎംഇയുടെ കീഴിൽ വിദഗ്ദസമിതിയുടെ അ ന്വേഷണം സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

click me!