തൃശൂർ ഇരിങ്ങാലക്കുടയിൽ ബൈക്ക് യാത്രികൻ മരിക്കാനിടയായ അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിലായി. മനുഷ്യജീവന് അപകടം വരുത്തുന്ന വിധത്തിൽ വാഹനമോടിച്ചതിന് ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സെലീഷ്. ഇയാൾക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
തൃശൂര്‍: ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കാനും ഇടയാക്കിയ വാഹനാപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവറെ തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം തെക്കുമുറി സ്വദേശി ആലപ്പാട്ട് വീട്ടില്‍ സെലീഷി (34) നെയാണ് പൊലീസ് പിടികൂടിയത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ആമ്പല്ലൂര്‍ വെണ്ടൂര്‍ സ്വദേശി അവസ്ഥേപറമ്പില്‍ മനോജ് (53) മരിച്ചിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരനായ ഇരിങ്ങാലക്കുട വാട്ടര്‍ടാങ്ക് സ്വദേശി ഇലഞ്ഞിക്കല്‍ വീട്ടില്‍ സണ്ണിയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇതിനെ തുടര്‍ന്ന് പ്രതിക്കെതിരേ കുറ്റകരമായ നരഹത്യക്കുള്ള വകുപ്പായ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 105 കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 2026 മാര്‍ച്ച് 13ന് വൈകീട്ട് 6.30ഓടെയാണ് അപകടം നടന്നത്.
സ്റ്റാന്‍ഡിന് സമീപം മുന്നില്‍ പോയിരുന്ന 'ദേവമാത' എന്ന ബസ് നിര്‍ത്തിയപ്പോള്‍ പുറകിലുണ്ടായിരുന്ന മനോജിന്റെ ബൈക്കും സണ്ണിയുടെ സ്‌കൂട്ടറും വേഗത കുറച്ചു. എന്നാല്‍ ഇവയ്ക്ക് തൊട്ടുപിന്നാലെ മനുഷ്യജീവന് അപകടം വരുത്തുന്ന വിധത്തില്‍ അമിതവേഗതയില്‍ വന്ന പൂമല ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇരുവാഹനങ്ങളിലും ഇടിച്ച് കയറുകയായിരുന്നു. സലീഷ് വര്‍ഗീസാണ് ബസ് ഓടിച്ചിരുന്നത്. നടപടിക്രമങ്ങള്‍ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
നെടുപുഴ, തൃശൂര്‍ ഈസ്റ്റ്, ട്രാഫിക് പോലീസ് സ്റ്റേഷനുകളിലായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതില്‍ രണ്ട് കേസുകളും മദ്യ ലഹരിയില്‍ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസുകളിലും അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും അടക്കം ആറ് ക്രിമിനല്‍കേസുകളില്‍ സെലീഷ് പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എസ്.ഐ. അഭിലാഷ് ടി., ജി.എസ്.ഐമാരായ മനോജ്, മുഹമ്മദ് റാഷി എം.എ., ജി.എസ്. സി.പി.ഒമാരായ ഗിരീഷ്, രഞ്ജിത്ത് എം.ആര്‍., സി.പി.ഒമാരായ ഉമേഷ് കൃഷ്ണന്‍, ഉമേഷ് കെ.എസ്. എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
