
വിഴിഞ്ഞം:കൂടുതൽ കരുത്തുമായി വൻ കുതിപ്പിന് സജ്ജമായി വിഴിഞ്ഞം തുറമുഖം.21 ഷിപ് ടു ഷോർ ക്രെയിനുകൾ കൂടി സജ്ജമാകും. 45 യാർഡ് ക്രെയിനുകൾ കൂടിയെത്തുന്നതോടെ 3500 കോടിയുടെ വികസനമാണ് തുറമുഖം ലക്ഷ്യമിടുന്നത്. അദാനി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഓഹരി കൈ മാറ്റത്തിൽ ഉടൻ സർക്കാർ അനുമതി തേടും.ഇന്നോ നാളേയോ അദാനി സർക്കാരിന് അപേക്ഷ നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) 13,000 കോടി രൂപ (139.7 കോടി ഡോളർ)അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിൽ നിക്ഷേപിക്കും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ(എ.വി.പി.പി.എൽ) 49 ശതമാനം ഓഹരിയാണ് എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ ടി.ഐ.എൽ വാങ്ങുന്നത്. തുറമുഖത്തിൻ്റെ ശേഷി നിലവിലെ 16 ലക്ഷം ട്വെൻ്റിഫുട് ഇക്വലന്റ് യൂണിറ്റിൽ നിന്ന് (ടി.ഇ.യു) 3.5 മടങ്ങ് വർദ്ധിച്ച് 57 ലക്ഷം ടി.ഇ.യുവിലെത്തും. എ.വി.പി.പി.എല്ലിന്റെ മൊത്തം മൂല്യം 27,000 കോടി രൂപയെന്ന് (285 കോടി ഡോളർ) കണക്കാക്കിയാണ് നിക്ഷേപം. നിയമാനുസൃത അനുമതികൾക്ക് വിധേയമാണ്. പുതിയ പങ്കാളിത്തത്തിലൂടെ വിഴിഞ്ഞത്തെ ചരക്കുനീക്കത്തിൽ സ്ഥിരതയും വർദ്ധനയും ഉറപ്പാക്കുമെന്ന് അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എ.പി.എസ്.ഇ.ഇസഡ്) പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഗുജറാത്തിലെ മുന്ദ്ര, തമിഴ്‌നാട്ടിലെ എന്നൂർ എന്നിവയിലും ഇരു കമ്പനികൾക്കും നിക്ഷേപ സഹകരണമുണ്ട്.
പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുളിൽ 20 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമായ വിഴിഞ്ഞത്തേക്കും എം.എസ്.സിയുമായുള്ള പങ്കാളിത്തം വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എ.പി.എസ്.ഇ.ഇസഡിൻ്റെ ഡയറക്‌ടറും സി.ഇ.ഒയുമായ അശ്വനി ഗുപ്‌ത പറഞ്ഞു.രാജ്യത്തെ തുറമുഖ അടിസ്ഥാനസൗകര്യ രംഗത്തെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപത്തിലൂടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാൻഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും. കൊളംബോയുടെ പ്രാമുഖ്യം കുറയും. ബംഗ്ലാദേശ് മുതൽ ആഫ്രിക്ക വരെയുള്ള വ്യാപാരപാതയിൽ വിഴിഞ്ഞത്തിന്റെ സ്വാധീനം വർദ്ധിക്കുന്നതോടെയാണിത്.ബംഗ്ലാദേശിൽ നിന്ന് എം.എസ്.സി കമ്പനി നടത്തുന്ന ചരക്കുനീക്കം കൂടുതലുംവിഴിഞ്ഞം വഴിയാവും.
1970ൽ ഇറ്റാലിയൻ വ്യവസായിയായ ഗിയാൻലുഗി അപ്പോന്റെ സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായി സ്ഥാപിച്ചതാണ് എം.എസ്.സി ഗ്രൂപ്പ്.900ൽ അധികം കപ്പലുകളുള ലോകത്തിലെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് ഫ്ലീറ്റ് എം.എസ്.സിക്കുണ്ട്.ഗ്രൂപ്പിന്റെ ഭാഗമായ ടി.ഐ.എൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 100-ലധികം കണ്ടെയ്നർ ടെർമിനലുകളും വർഷംതോറും 70 ദശലക്ഷത്തിലധികം ടി.ഇ.യു ചരക്കുനീക്ക ശേഷിയുമാണ് അവർക്കുള്ളത്. കഴിഞ്ഞ ആഴ്ച വിഴിഞ്ഞം 1000ാമത്തെ കപ്പലിനെ സ്വാഗതം ചെയ്തു. ഇതിനകം 70ൽ അധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും 300 മീറ്ററിന് മുകളിലുള്ള 283 കപ്പലുകളും 16 മീറ്ററിന് മുകളിലുള്ള ഡ്രാഫ്റ്റ് ആവശ്യമായ 98 കപ്പലുകളും വിഴിഞ്ഞം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്ത്യയുടെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖമാണ് വിഴിഞ്ഞം. രാജ്യാന്തര കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ ദൂരത്താണെന്നതും വിഴിഞ്ഞത്തിന്‍റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 18-20 മീറ്റർ സ്വാഭാവിക ആഴമുള്ളത് കൊണ്ട് ലോകത്തെ എത്ര വലിയ കപ്പലിനെയും വിഴിഞ്ഞം തുറമുഖത്തിൽ സ്വീകരിക്കാൻ കഴിയും.എംഎസ്‍സിയുടെ ഉപവിഭാഗമായ ടിഐഎൽ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് ഓപ്പറേറ്റർമാരിൽ ഒന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ കണ്ടെയ്നർ ടെർമിനലുകൾ ടിഐഎൽ നിലവിൽ നിയന്ത്രിക്കുന്നുണ്ട്.പ്രതിവർഷം ശരാശരി ഏഴ് കോടി കണ്ടെയ്നറുകളാണ് ടിഐഎൽ കൈകാര്യം ചെയ്യുന്നത്.പുതിയ സഹകരണത്തിൽ തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻഷിപ്മെന്‍റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ചരക്കുകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിൽ സാന്നിധ്യം ശക്തമാക്കാനും റിലേ കാർഗോ വർധിപ്പിക്കാനും ഇതിലൂടെ കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam