
മലപ്പുറം: അപ്രതീക്ഷിതമായിട്ടാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ആയതെന്ന് അഡ്വ. എ.പി. സ്മിജ. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നെ ഫോണിൽ വിളിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എന്നെ പ്രഖ്യാപിച്ചിരിക്കുന്നു എന്ന് അറിയിച്ചു.
ജനറലായ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സീനിയർ നേതാക്കൾ ഉണ്ടായിട്ടും എന്നെയാണ് തങ്ങൾ പ്രഖ്യാപിച്ചത്. ഒരിക്കൽ പോലും അങ്ങനെ ഒരു ആഗ്രഹം ഞാനോ, എനിക്ക് വേണ്ടപ്പെട്ടവരോ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും എന്നെ മുസ്ലിംലീഗ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു. അച്ഛൻ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാർത്ഥ്യമായി അനുഭവിക്കുന്നുവെന്നും സ്മിജ ഫേസ്ബുക്കിൽ കുറിച്ചു.
ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട് തങ്ങന്മാർ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി വീട്ടിൽ തൂക്കിയിട്ട ഫോട്ടോകളിൽ ഒന്ന് ശിഹാബ് തങ്ങളുടേതാണ്. ജീവിതത്തിലെ ഓരോ വിശേഷങ്ങളിലും പാണക്കാട് ചെന്ന് സന്തോഷം പറയാതെ കടന്നു പോയിട്ടില്ലെന്നും അഭിഭാഷകയായപ്പോൾ ആദ്യം അച്ഛൻ കുട്ടിക്കൊണ്ട് പോയതും പാണക്കാട്ടേക്കായിരുന്നുവെന്നും സ്മിജി കുറിച്ചു.
ചെറുപ്പത്തിൽ അച്ചൻ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട് തങ്ങന്മാർ ഉണ്ടായിരുന്നു..പതിറ്റാണ്ടുകളായി വീട്ടിൽ തൂക്കിയിട്ട ഫോട്ടോകളിൽ ഒന്ന് ശിഹാബ് തങ്ങളുടേതാണ്. ജീവിതത്തിലെ ഓരോ വിശേഷങ്ങളിലും പാണക്കാട് ചെന്ന് സന്തോഷം പറയാതെ കടന്നു പോയിട്ടില്ല.
അച്ചൻ ഈശ്വരവിശ്വാസിയായിരുന്നു, ആചാരങ്ങളും അനുഷ്ഠാനങ്ങളും മുടങ്ങാതെ നിർവഹിച്ച വിശ്വാസി. ആ വിശ്വാസം തന്നെയാണ് അച്ചൻ ഞങ്ങളേയും പഠിപ്പിച്ചത്. വിശ്വാസ കാര്യത്തിൽ ഉറപ്പിച്ചു നിർത്തിയ പോലെ അച്ചൻ മറ്റൊന്നു കൂടി ഞങ്ങളെ പഠിപ്പിച്ചു. പാണക്കാട് കുടുംബവുമായുള്ള ബന്ധം. ആ കുടുംബം സഹോദര സമുദായങ്ങളോട് കാണിക്കുന്ന സ്നേഹത്തെ ചെറുപ്പത്തിലേ ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പഠന കാര്യത്തെ കുറിച്ച് ആദ്യം അഭിപ്രായം ചോദിച്ചതും, പിന്നീട് അഭിഭാഷകയായപ്പോൾ ആദ്യം അച്ചൻ കുട്ടിക്കൊണ്ട് പോയതും പാണക്കാട്ടേക്കായിരുന്നു...അച്ചന്‍റെ കാലം കഴിഞ്ഞപ്പോഴും ഞങ്ങളെ ചേർത്തു നിർത്തി. അപ്രതീക്ഷിതമായിട്ടാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ആയത്. ഇന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു.. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എന്നെ പ്രഖ്യാപിച്ചിരിക്കുന്നു എന്ന്.
ജനറലായ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്രയോ സീനിയറും യോഗ്യരുമായ പലരും ഉണ്ടായിട്ടും എന്നെയാണ് തങ്ങൾ പ്രഖ്യാപിച്ചത്. ഒരിക്കൽ പോലും അങ്ങനെ ഒരു ആഗ്രഹം ഞാനോ, എനിക്ക് വേണ്ടപ്പെട്ടവരോ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല, എന്നിട്ടും എന്നെ മുസ്ലിംലീഗ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു.
അച്ചൻ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാർത്ഥ്യമായി അനുഭവിക്കുന്നു..മുസ്ലിം ലീഗിന്‍റെ മതേതരത്വം, പാണക്കാട് കുടുംബത്തിന്‍റെ സാഹോദര്യ സ്നേഹം..മലപ്പുറത്തിന്‍റെ ഈ സ്നേഹ പാഠം തലമുറകളിലൂടെ പരന്നൊഴുക്കട്ടെ..
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam