വടുവഞ്ചാല്‍ കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി അക്ഷയ് കുമാര്‍ പിടിയില്‍. രണ്ടുമാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മേപ്പാടി പോലീസ് കോഴിക്കോട് വെച്ചാണ് പിടികൂടിയത്.

കല്‍പ്പറ്റ: മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വടുവഞ്ചാല്‍ ചെല്ലങ്കോട് കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ മുഖ്യപ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് പിടിയില്‍. സംഭവ ശേഷം രണ്ടുമാസമായി ഒളിവിലായിരുന്ന കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എടക്കാട്ട് പറമ്പ് മേത്തല്‍ വീട്ടില്‍ അക്ഷയ് കുമാര്‍(22)നെയാണ് മേപ്പാടി പോലീസ് വലയിലാക്കിയത്. മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് സിറ്റി സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബുധനാഴ്ച പാളയം മാര്‍ക്കറ്റില്‍ നിന്നാണ് അക്ഷയ്കുമാറിനെ പിടികൂടിയത്. മോഷണത്തിന് പുറമെ വിവിധ സ്റ്റേഷനുകളില്‍ പത്തോളം എന്‍.ഡി.പി.എസ് കേസുകളിലും പ്രതിയാണ്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 27, 28 തീയതിക്കുള്ളിലാണ് കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷണ സംഘം ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപ വിലയുള്ള രണ്ട് ആംപ്‌ളിഫയറും, ക്ഷേത്ര പരിസരത്തുള്ള നാല് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് 5000 രൂപയുമാണ് മോഷ്ടിച്ചത്. മോഷണം നടത്തി മുങ്ങുന്നതിനിടെ കോഴിക്കോട് സ്വദേശികളായ പെരുമണ്ണ, കട്ടക്കളത്തില്‍ വീട്ടില്‍ കെ. മുഹമ്മദ് സിനാന്‍(20), പറമ്പില്‍ ബസാര്‍, മഹല്‍ വീട്ടില്‍ റിഫാന്‍ (20), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെയും 28ന് പുലര്‍ച്ചെ തന്നെ കല്‍പ്പറ്റ ടൗണില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഈ സമയം അക്ഷയ്കുമാറും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറിനുള്ളില്‍ നിന്ന് മോഷണ മുതലുകളായ പണവും ആമ്പ്‌ളിഫയറും കണ്ടെടുത്തിരുന്നു. എസ്.ഐ രജിത്ത്, സിവില്‍ പോലിസ് ഓഫീസര്‍മാരായ കെ. റഷീദ്, ഷിജു, ഇ.ബി. രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു