
കൊച്ചി: വൈദ്യുതി തൂണുകളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പിലാണ് നടപടി. കേസിന് പുറമേ വൻതുക പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടങ്ങൾ ഉണ്ടായാൽ ഉടൻ വിവരമറിയിക്കാൻ തൂണുകളിൽ മഞ്ഞ പശ്ചാത്തലത്തിൽ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവ മറച്ച് കൊണ്ട് പരസ്യങ്ങൾ പതിപ്പിക്കുന്നത് അടിയന്തര സാഹചര്യങ്ങളിൽ വലിയ തടസമാകുന്നുണ്ട്.
ഈ നിയമ ലംഘനങ്ങൾ വ്യാപകമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ പൊലീസിനെ സമീപിച്ചു. പരസ്യങ്ങൾ മാത്രമല്ല, തൂണുകളിൽ കെട്ടുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും ജീവനക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. അറ്റകുറ്റപ്പണികൾക്കായി തൂണുകളിൽ കയറുന്ന ജീവനക്കാർക്ക് ഇവ തടസമാകുകയും ഷോക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കോടതി നിർദേശം നിലവിലുണ്ടെങ്കിലും പല സ്ഥലങ്ങളിലും വൈദ്യുതി തൂണുകൾ പരസ്യങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്.
ഇത് അനുവദിക്കാനാവില്ലെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. അതേസമയം, പോസ്റ്റുകളിലെ കേബിൾ കുരുക്കുകളും വലിയ പ്രശ്നമായി തുടരുകയാണ്. കേബിളുകൾക്കിടയിലൂടെ നീങ്ങി മാത്രമേ ജീവനക്കാർക്ക് തൂണുകളിൽ കയറാനാകൂ. ഇതോടെ കാലിൽ കുടുങ്ങുന്നതിനൊപ്പം കഴുത്തിൽ കേബിൾ ചുറ്റാനുള്ള സാധ്യതയും ഉയരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam