
തൃശൂർ: മഴ പെയ്തൊഴിഞ്ഞതോടെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം അതിരൂക്ഷമാണ്. കടന്നുകയറ്റക്കാരായ ഈ ജീവികൾ നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഉയർത്തുന്ന വെല്ലുവിളികൾ ചില്ലറയല്ല. വൻതോതിൽ പെരുകിയ ആഫ്രിക്കൻ ഒച്ചുകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തൃശൂർ പൂങ്കുന്നം നിവാസികൾ.
ഒച്ച് ഒരു ഭീകര ജീവി അല്ലെന്നാണ് പൂങ്കുന്നത്തുകാരും ആദ്യം കരുതിയിരുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ആഫ്രിക്കൻ ഒച്ചുകളെ അങ്ങിങ്ങായി കണ്ടു തുടങ്ങിയത്. നിസ്സാരക്കാരാണെന്ന് കരുതി ആദ്യം അവഗണിച്ചു, പക്ഷേ മൂന്നാഴ്ചയ്ക്ക് അപ്പുറം ഒരു ഗ്രാമത്തെ തന്നെ കരണ്ട് തിന്നുകയാണ് ഈ അധിനിവേശ ഭീകരന്മാർ.
മതിൽ, വീടിന്‍റെ ഭിത്തി, റോഡ്, കിണർ- ഇങ്ങനെ ആഫ്രിക്കൻ ഒച്ചുകൾ കേറിക്കൂടാത്ത ഇടങ്ങളില്ല. ചെടികളെ തലപൊക്കാൻ സമ്മതിക്കില്ല. ഗുരുതര രോഗവാഹകരായ അവരെ ഭയന്നാണ് ഇപ്പോൾ നാട്ടുകാരുടെ ജീവിതം. പത്തു വർഷം വരെയാണ് ആഫ്രിക്കൻ ഒച്ചകളുടെ ആയുസ്സ്. ഒരു തവണ 500 മുതൽ 1200 വരെ മുട്ടകൾ മണ്ണിനടിയിൽ ഇടും. ഇങ്ങനെ നശിപ്പിക്കുംതോറും ഇവർ പെരുകുകയാണെന്ന് നാട്ടുകാർ പറയുന്നു.
ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. വാഹനങ്ങൾക്കുമേൽ പറ്റിപ്പിടിച്ച് സവാരി ചെയ്തു അടുത്ത പ്രദേശങ്ങളിലേക്കും ഇവ പടരുകയാണ്. ഇഴഞ്ഞു നീങ്ങുന്ന ഈ ആപത്തിൽ നിന്ന് തങ്ങളെ കരകയറ്റണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam