പത്തനംതിട്ട പന്തളത്ത് എംസി റോഡിൽ മിനിബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ 23 കാരൻ മരിച്ചു. കൊട്ടാരക്കര സ്വദേശി പ്രണവ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

പത്തനംതിട്ട: എംസി റോഡിലുണ്ടായ അപകടത്തിൽ 23 കാരന് ദാരുണാന്ത്യം. മിനിബസും കാറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന കൊട്ടാരക്കര കുളക്കട സ്വദേശി പ്രണവ് ആണ് മരിച്ചത്. പന്തളം പാട്ടുപുരക്കാവ് ജംഗ്ഷനിലാണ് അപകടമുണ്ടായത്.ശനിയാഴ്ച രാത്രി 12.30 നാണ് അപകടം. അടൂർ ഭാഗത്തേക്ക് പോയ കാറും എതിർ ദിശയിൽ വന്ന മിനി ബസും തമ്മിൽ കൂട്ടി ഇടിയ്ക്കുകയായിരുന്നു. കിളിമാനൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്നു ബസ്. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കാറിൽ പ്രണവിന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു ഇവരെ ഗുരുതരപരിക്കുകളോടെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ബസിൽ ഉണ്ടായിരുന്നവരും ചികിത്സ തേടി. പ്രണവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.