
ആലപ്പുഴ: യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനൊടുവിൽ പ്രതികാരം തീർക്കാൻ ലക്ഷ്യമിട്ട ഓട്ടോറിക്ഷ മാറി കത്തിച്ചു. ലക്ഷ്യംവച്ച ഓട്ടോയുടെ സമീപത്ത് പാർക്ക് ചെയ്ത മറ്റൊരു ഓട്ടോറിക്ഷക്കാണ് അക്രമി സംഘം തീയിട്ടത്. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്തു.
ഇന്നലെ പുലർച്ച രണ്ടിന് ആലപ്പുഴ നഗരസഭ മംഗലം വാർഡിലായിരുന്നു സംഭവം. മംഗലം വാർഡ് അരശ്ശേരിവീട്ടിൽ വിനോദിന്റെ (ജോസ്) ഡീസൽ ഓട്ടോയാണ് ആക്രമണത്തിൽ പൂർണമായും കത്തിനശിച്ചത്. തീയാളുന്നത് കണ്ട് വീട്ടുകാർ ഉണർന്നെങ്കിലും തീകെടുത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
ഓട്ടോ ഡ്രൈവർ സുനിയപ്പൻ എന്നുവിളിക്കുന്ന യേശുദാസും പരിസരവാസികളായ രണ്ടുയുവാക്കളും കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു. വഴക്ക് സംഘർഷത്തിയതോടെ പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. തുടർന്ന് യേശുദാസിനെ ആക്രമിക്കുമെന്നും അയാളുടെ ഓട്ടോ കത്തിക്കുമെന്നും വെല്ലുവിളിച്ചാണ് രണ്ടംഗസംഘം മടങ്ങിയത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് വെല്ലുവിളിയെന്നും പറയപ്പെടുന്നു.
രാത്രിയിൽ വാഹനം പാർക്ക് ചെയ്യുന്ന വഴിയിൽ എത്തിയ സംഘം യേശുദാസിന്റേതാണെന്ന് കരുതി വിനോദിന്റെ ഓട്ടോക്ക് തീവെക്കുയായിരുന്നു. പതിവായി റോഡിന്റെ ഓരം ചേർന്നാണ് രണ്ടുപേരും ഓട്ടോപാർക്ക് ചെയ്യുന്നത്. ഓട്ടംകഴിഞ്ഞ് ആദ്യമെത്തിയ സുനിയപ്പൻ ചെറിയ മഴയായതിനാൽ വിനോദ് സ്ഥിരമായി ഇടുന്ന സ്ഥലത്താണ് ഇട്ടത്. ഇത് സുനിയപ്പൻറെ ഓട്ടോയാണെന്ന് കരുതിയാണ് ആക്രമികൾ വിനോദിന്റെ ഓട്ടോ കത്തിച്ചത്.
Read more: 1373 സ്ഥലങ്ങളിൽ റെയ്ഡ്, 246 കേസുകൾ, ഏറ്റവും കൂടുതൽ അറസ്റ്റ് കൊച്ചിയിൽ; ഓപ്പറേഷൻ ഡി. ഹണ്ട് ലഹരിവേട്ട
അതേസമയം, തിരുവല്ലയിൽ തിരുവല്ല കടപ്രയിൽ സിനിമ തീയേറ്ററിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. സിനിമ കാണുമ്പോൾ തുടങ്ങിയ വാക്ക് തർക്കമാണ് ഒടുവിൽ വടിവാൾ ആക്രമണത്തിൽ കലാശിച്ചത്. പരുമല സ്വദേശികളായ മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് പാണ്ടനാട് സ്വദേശി സുധീഷ്, പ്രതികളെ ഒളിവിൽ താമസിപ്പിച്ച കീഴ്ച്ചേരി മേൽ സ്വദേശി സുജിത്ത് കൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആണ് സംഭവം. സിനിമ കാണുന്നതിനിടെ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ ജീവനക്കാർ ചേർന്ന് ഇരു സംഘങ്ങളെയും തിയേറ്ററിൽ നിന്ന് പുറത്താക്കിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam