കേസുകൾ തീർപ്പാകാത്തതിനാൽ മറ്റ് ജോലികൾ ലഭിക്കാതെ വന്നതോടെയാണ് കുടുംബം പുലർത്താൻ യദു ഈ ജോലി തിരഞ്ഞെടുത്തത്. ആര്യയെ വീണ്ടും കാണരുതേ എന്ന പ്രാർത്ഥനയോടെയാണ് താൻ ജോലി ചെയ്യുന്നതെന്നും യദു പറയുന്നു.

തിരുവനന്തപുരം: മുന്‍മേയര്‍ ആര്യ രാജേന്ദ്രന്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് കെഎസ്ആർടിസി ഡ്രൈവറുമായി വാക്കേറ്റമുണ്ടാക്കിയ സംഭവത്തിലെ ഡ്രൈവർ യദു ഇപ്പോൾ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്യുകയാണ്. 2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്ക് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലായിരുന്നു ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും സഞ്ചരിച്ചിരുന്ന കാറില്‍ ബസ് തട്ടിയെന്ന് പറഞ്ഞ് തര്‍ക്കമുണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

മേയറെയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തതോടെ കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന യദുവിന്‍റെ ജോലി നഷ്ടമായി. സംഭവത്തിന് ശേഷം വർങ്ങളായെങ്കിലും കേസെവിടെയുമെത്താത്തതിനാൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് യദു പറയുന്നു. മറ്റുവഴികളില്ലാതായതോടെ കുടുംബം നോക്കാൻ സ്വിഗ്ഗി ഡെലിവറി ജീവനക്കാരന്റെ കുപ്പായമണിഞ്ഞിരിക്കുകയാണ് യദു. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഡെലിവറി ജോലിക്ക് ഇറങ്ങിയതാണെന്നും ഇതെങ്കിലും മനസമാധാനത്തോടെ തുടരാൻ അനുവദിക്കണമെന്നുമാണ് യദുവിന്‍റെ അഭ്യർഥന. ‘എനിക്ക് ജീവിക്കണം, മകനെയും മാതാപിതാക്കളെയും നോക്കണം.

കെഎസ്ആർടിസിയിൽ നിന്നും പുറത്തായെങ്കിലും ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ ലഭിച്ചില്ല. റോബിൻ ബസ് ഉടമയടക്കം ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും കെഎസ്ആർടിസിയുടെ നടപടി മൂലം അതും കിട്ടിയില്ല. സ്വകാര്യ ബസുകളിൽ ജോലി നോക്കിയെങ്കിലും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എപ്പോഴും തന്‍റെ വാഹനം പിടികൂടും. ഇതോടെ ബസ് ഉടമകളും ഒഴിവാക്കാൻ തുടങ്ങി. മറ്റ് വഴികളില്ലാതായതോടെയാണ് ഈ ജോലി തെരഞ്ഞെടുത്തതെന്നും യദു പറയുന്നു. വാലിയ വരുമാനമൊന്നുമില്ലെങ്കിലും ഈ ജോലിയിൽ താൻ തന്നെയാണ് രാജാവ്.

വീട്ടുകാര്യങ്ങൾക്കിടെ ജോലിയും നടക്കും. വിവാദത്തിന് ശേഷം ആര്യാ രാജേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല. അക്കാലത്തൊക്കെ ഞാൻ മാത്രമല്ല നാട്ടുകാരും എത്രത്തോളം സഹിച്ചിരുന്നെന്നത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മനസിലായല്ലോ. ആര്യയുടെ വീടും നടൻ മോഹൻലാലിന്‍റെ വീടുമെല്ലാം സ്ഥിതി ചെയ്യുന്ന മുടവൻമുഗൾ പ്രദേശം തന്‍റെ ഡെലിവറി ഏരിയയാണ്. അബദ്ധത്തിൽ പോലും ആര്യയെ കാണരുതേയെന്ന പ്രാർഥനയോടെയാണ് അവരുടെ വീടിന് സമീപത്തൊക്കെ ഡെലിവറിക്കായി പോകാറുള്ളത്. കണ്ടാൽ പുതിയ കള്ളക്കേസ് വല്ലതും കൊടുത്താൽ ഇനിയും ദുരിതമാകും. നിലവിൽ കേസുകളിൽ കുറ്റപത്രം കൊടുത്തിട്ടില്ല.

അതുകൊണ്ട് കേസ് തീരാതെ മറ്റ് തൊഴിൽ കിട്ടില്ലെന്ന് സമീപിച്ചവരിൽ നിന്നെല്ലാം വ്യക്തമായതോടെ ഡെലിവറി ബോയ് ആകാൻ തീരുമാനിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അധികാരത്തിലെത്തിയാൽ മേയറുടെ ഡ്രൈവറായി തന്നെ നിയമിക്കുമെന്നെല്ലാം സമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നു. എന്നാൽ, ഔദ്യോഗികമായി ഒരു വിളിയും ഇതുവരെ വന്നിട്ടില്ലെന്നും ജോലിക്കുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും യദു പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ആർക്കെങ്കിലും അത്തരം പ്രചാരണം ആവശ്യമായിരുന്നിരിക്കണം. അവർ ഉദ്ദേശിച്ചത് നടന്നതോടെ തനിക്ക് റോളില്ലെന്നും യദു പറയുന്നു.