
കോഴിക്കോട്: കട്ടിപ്പാറ ചമലിൽ വീണ്ടും വാറ്റുചാരായ വേട്ട. താമരശ്ശേരി എക്സൈസ് സർക്കിൾ ടീം ഐബി പ്രിവന്‍റ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് ചമൽ - എട്ടേക്ക്ര ഭാഗത്ത് നടത്തിയ റെയ്ഡിൽ 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഗ്യാസ് സിലിണ്ടറും കണ്ടുപിടിച്ചു കേസാക്കി. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിഇഒ മാരായ പ്രഭിതിലാൽ, പ്രസാദ്, പ്രദീപ് എന്നിവർ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിലെ സ്ഥിരം വാറ്റു കേന്ദ്രമാണ് വനപ്രദേശത്തോട് ചേർന്ന ചമൽ കേളന്മൂല പ്രദേശങ്ങൾ. എക്സൈസ് സംഘമെത്തുമ്പോഴേക്ക് വാറ്റ് സംഘം വനത്തിലേക്ക് ഓടി രക്ഷപ്പെടും. ഇതോടെ വാറ്റും ഉപകരണങ്ങളും എക്സൈസ് കസ്റ്റഡിയിലെടുക്കും. അടുത്ത ദിവസം ഇതിന് സമീപത്തായി വീണ്ടും സംഘം വാറ്റ് തുടങ്ങും. വീണ്ടും എക്സൈസ് എത്തുമ്പോഴേക്ക് ഇവർ ലിറ്റർ കണക്കിന് വാറ്റ് വിതരണം ചെയ്തു കഴിയും.
വാറ്റ് സംഘത്തെ പൂർണ്ണമായും പിടികൂടാനായാലേ ഈ പ്രദേശത്തെ വ്യാജവാറ്റ് ഇല്ലാതാക്കാനാകൂ. എന്നാൽ ഇത്തരം ഒരു പ്രവർത്തനം എക്സൈസ് നടത്തുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വയനാട്ടില്‍ വില്‍പ്പന നടത്തുന്നതിനിടെ ഇരുപത്തിരണ്ടു വയസുകാരന്‍ പിടിയിലായി. അരക്കിലോ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു.
കല്‍പ്പറ്റ മുണ്ടേരി കോളനി സ്വദേശിയായ എം. അഭിലാഷ് ആണ് കര്‍ണാടക അതിര്‍ത്തിയായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ക്കടവ് ഭാഗത്ത് ചൊവ്വാഴ്ച രാത്രി എട്ടരയോടെ എക്സൈസ് നടത്തിയ പരിശോധനക്കിടെ പിടിയിലായത്. കബനി പുഴ കടന്ന് കര്‍ണ്ണാടകയിലെ ബൈരക്കുപ്പ, മച്ചൂര്‍ ഭാഗങ്ങളില്‍ പോയി കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കി സുഹൃത്തുക്കളോടൊപ്പം മുണ്ടേരി ടൗണിലും കോളനി പ്രദേശത്തും വില്‍പ്പന നടത്തുന്നയാളാണ് അഭിലാഷ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയേയും തൊണ്ടിമുതലും ബത്തേരി റെയിഞ്ചില്‍ എത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam