Latest Videos

തീപിടുത്തത്തിൽ അഗ്രികൾച്ചർ സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു; 40 ലക്ഷം രൂപയുടെ നാശനഷ്ടം 

By Web TeamFirst Published May 22, 2024, 8:49 PM IST
Highlights

മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതിനാൽ സമീപത്തെ വീട്ടിലേക്ക് തീ പടരുന്നത് തടയാനായി. ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയപ്പോഴേക്കും കടയും അതിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ സാധനസാമഗ്രികളും പൂർണമായും കത്തി നശിച്ചു.

ഹരിപ്പാട്: തീപിടുത്തത്തിൽ അഗ്രികൾച്ചർ സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു. ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന കാർഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വിൽക്കുന്ന'കർഷകന്റെ കട' എന്ന സ്ഥാപനമാണ് നശിച്ചത്. കരുവാറ്റ ലൈലാ നിവാസിൽ സനൽ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. വീടിനോട് ചേർന്നാണ് കട പ്രവർത്തിക്കുന്നത്. പുലർച്ച അഞ്ചുമണിയോടെ കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് സനൽ മുഹമ്മദിനെ വിവരമറിയിച്ചത്. അപ്പോഴേക്കും മേൽക്കൂരയിലേക്ക് തീ പടർന്നിരുന്നു.

മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതിനാൽ സമീപത്തെ വീട്ടിലേക്ക് തീ പടരുന്നത് തടയാനായി. ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയപ്പോഴേക്കും കടയും അതിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ സാധനസാമഗ്രികളും പൂർണമായും കത്തി നശിച്ചു.  ലക്ഷക്കണക്കിന് രൂപയുടെ കാർഷിക യന്ത്രങ്ങളും കത്തിയമർന്നു. 25 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും നശിച്ചതായി സനൽ മുഹമ്മദ് പറഞ്ഞു. കടയടക്കം 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.   

click me!