
കോട്ടയം: അവസാന നിമിഷം എയർ ഇന്ത്യ വിമാനം സർവ്വീസ് റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താനാവാതെ കുവൈത്തിലെ ദുരന്തത്തിൽ മരിച്ച ശ്രീഹരിയുടെ സഹോദരൻ. കാനഡയിൽ ജോലി ചെയ്യുന്ന ശ്രീഹരിയുടെ അമ്മയുടെ സഹോദരിയുടെ മകനായ ആരോമലിനാണ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയത്. ആരോമലിന് എത്താൻ കഴിയാത്തതിനാൽ ശ്രീഹരിയുടെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ, നാളെയാണ് സംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്നത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് ശ്രീഹരി പ്രദീപ്.
എയർ ഇന്ത്യ വിമാനത്തിൽ കയറി മൂന്നു മണിക്കൂറിന് ശേഷമാണ് വിമാനം റദ്ദ് ചെയ്തതായി അധികൃതർ അറിയിച്ചതെന്ന് ആരോമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാങ്കേതിക പ്രശ്നമാണെന്ന് പറഞ്ഞാണ് വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും യാത്രയുടെ കാര്യത്തിൽ തീരുമാനമായില്ല. നാട്ടിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനുൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് നാളേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ആരോമൽ പറയുന്നു. എയർ ഇന്ത്യക്ക് പകരം ഇത്തിഹാദ് വിമാനത്തിലാണ് ആരോമലിന് ടിക്കറ്റ് ലഭിച്ചത്.
കുവൈത്തിലെത്തി ആദ്യത്തെ ശമ്പളം പോലും വാങ്ങുന്നതിന് മുമ്പാണ് ശ്രീഹരി ഓർമ്മയായത്. ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയായ ശ്രീഹരി പ്രദീപ് എട്ടു ദിവസം മുമ്പാണ് കുവൈത്തിൽ ജോലിക്ക് പോയത്. ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകം തന്നെ ശ്രീഹരിയ്ക്ക് ജീവൻ നഷ്ടമായി. ആദ്യ മാസത്തെ ശമ്പളം വാങ്ങാൻ പോലും കാത്തു നിൽക്കാതെയാണ് ശ്രീഹരിയുടെ മടക്കം. മകനെ യാത്രയാക്കിയ ആ ദിവസം അമ്മ ദീപയുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ആദ്യ ശമ്പളം കൊണ്ട് മകൻ വാങ്ങുന്ന സമ്മാനവും കാത്തിരിക്കുന്ന അമ്മയ്ക്ക് മുന്നിലേക്കാണ് 27 കാരന്റെ ചേതനയറ്റ ശരീരം എത്തുക. മെക്കാനിക്കൽ എൻജിനീയറായ ശ്രീഹരിയും അക്കാദമിതലത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam