എംഡിഎംഎക്കും മദ്യത്തിനും അടിമകൾ, ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്തു; അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ പൊലീസ്

Published : Sep 21, 2024, 12:18 AM IST
എംഡിഎംഎക്കും മദ്യത്തിനും അടിമകൾ, ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്തു; അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ പൊലീസ്

Synopsis

ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയെയും കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനാണ് നീക്കം.

കൊല്ലം: അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്ന് പൊലീസ്. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ അടക്കം ഉപയോ​ഗിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചു. 14ന് ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തത്. മുമ്പും ഇവർ ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്തു. ഇവർക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് കിട്ടുന്നതെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം തെളിവെടുപ്പിനെത്തിച്ച അജ്മലിനെതിരെ ജനരോഷമുയർന്നിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിനിടെ, പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്നാണ് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്.

ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയെയും കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. നേരത്തെ രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടിയും രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. കേസിൽ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.  

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു