
മാന്നാർ: മഹാപ്രളയത്തിന്റെ ദുരന്ത ചിത്രം ഫാബ്രിക് പെയിംന്റും പെയ്സ്റ്റുകളും ഉപയോഗിച്ച് കൂട്ടുകാരിയുടെ മുഖത്ത് വരച്ച് ഒന്നാം സ്ഥാനക്കാരിയാക്കിയ അഖിലാ കൃഷ്ണ പ്രളയം കവർന്ന വീടിന് മുന്നിൽ അധിജീവനത്തിന്റെ പാതയൊരുക്കുന്നു. മാന്നാർ പഞ്ചായത്ത് കുട്ടം പേരൂർ ലക്ഷ്മി ഭവനത്തിൽ അനന്ദകൃഷ്ണൻ - ലതയമ്മാൾ ദമ്പതികളുടെ മകൾ അഖിലാകൃഷ്ണ (20) ആണ് അധിജീവനത്തിന്റെ പാതയൊരുക്കുന്നത്.
വളഞ്ഞവട്ടം പരുമല മാർഗ്രിഗോറിയോസ് ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി അവസാന വർഷം വിദ്യാർത്ഥിനിയായ അഖില നാഷണൽ ഇന്‍റർ കോളേജ് മൽസരത്തിൽ ഫേയിസ് പെയിന്റിംഗിൽ ഒന്നാം സ്ഥാനകാരിയായി. മഹാപ്രളയത്തെ അടിസ്ഥാനമാക്കി കൂട്ടുകാരിയുടെ മുഖത്ത് വരച്ച ചിത്രമാണ് അഖിലയെ ഒന്നാം സ്ഥാനക്കാരിയാക്കിയത്. കുട്ടിക്കാലം മുതൽ ചിത്ര രചനയിൽ ആകൃഷ്ടയായ അഖിലക്ക് സ്കൂൾ പഠനത്തിനോടൊപ്പം ചിത്രരചനയും മാതാപിതാക്കൾ പഠിപ്പിച്ചു.
അധ്യാപകനായ തിരുവല്ലാ സ്വദേശി സോണിയുടെ ശിക്ഷണത്തിലാണ് ചിത്രരചന പഠിച്ചത്. അഖിലയുടെ പഠനത്തിന് ബാങ്കിൽ നിന്ന് വിദ്യാഭ്യാസ വായ്പയും എടുത്തിരുന്നു. മഹാപ്രളയത്തിൽ അഖിലയ്ക്ക് വീട് നഷ്ടപ്പെട്ടു. തുടർന്ന് മാതാപിതാക്കളോടൊപ്പം മുട്ടേൽ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പതിനാല് ദിവസത്തോളം കഴിഞ്ഞു.
മനസിൽ മായാതെ കിടന്ന ആ ദുരന്താനുഭവങ്ങളെ ഛായകൂട്ടുകളും ബ്രഷും ഉപയോഗിച്ച് ക്യാൻവാസിലേക്ക് പകര്‍ത്തിയപ്പോള്‍ അഖിലയേ തേടിയെത്തിയത് ഏറ്റവും നല്ല ചിത്രകാരിക്കുള്ള സമ്മാനം. പ്രതിഫലം വാങ്ങാതെ കൂട്ടുകാർക്ക് സമ്മാനിക്കാനായി ചിത്രങ്ങൾ വരച്ച് കൊടുക്കാറുണ്ട്. ഷീറ്റുകൾ മറച്ച് മുകളിൽ പ്ലാസ്റ്റിക്ക് പടുതാ വലിച്ചുകെട്ടിയ വീട്ടിലാണ് അഖിലയും കുടുംബവും താമസിക്കുന്നത്. സഹോദരി അനില കൃഷ്ണനും ചിത്രരചനയിൽ അഖിലയെ സഹായിക്കുന്നുണ്ട്. മകളുടെ വിദ്യാഭ്യാസത്തിന് നല്ലൊരു തുക ചെലവഴിച്ചെന്ന് അനന്തകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam