
മലപ്പുറത്ത് സ്കൂള്‍ മാനേജര്‍ സമ്മാനിച്ച ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് മോഷ്ടിക്കാന്‍ ശ്രമം. സ്കൂളിന്‍റെ ഓടിളക്കിയും സീലിംഗ് പൊളിച്ചും മുറിക്കകത്ത് കയറിയ കള്ളന് പക്ഷേ പന്ത് മോഷ്ടിക്കാന്‍ സാധിച്ചില്ല. മലപ്പുറം തിരൂര്‍ അരീക്കാട് യുപി സ്കൂളിലാണ് സംഭവം. പന്ത് ഓഫീസ് റൂമിലെ ഷെല്‍ഫിനുള്ളില്‍ വച്ച് പൂട്ടി താക്കോല്‍ പ്രധാനാധ്യാപികയാണ് സൂക്ഷിച്ചത്. ഈ റൂമിലേക്ക് തന്നെയാണ് കള്ളന്‍ ഓടിളക്കി എത്തിയത്. മൂന്ന് ഓടുകള്‍ ഇളക്കി മാറ്റിയ ശേഷം കയറിട്ടാണ് ഓഫീസ് മുറിയിലേക്ക് കള്ളനെത്തിയത്.
സീലിംഗ് പൊളിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ചുറ്റികയും കയറും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷണ ശ്രമത്തിന് പിന്നാലെ പന്ത് മറ്റൊരിടത്ത് സൂക്ഷിക്കാനുള്ള തീരുമാനത്തിലാണ് അധ്യാപകരുള്ളത്. പൊലീസ് നായ ഉള്‍പ്പെടെ എത്തിയിട്ടും ഓഫീസിൽ കയറിയ കള്ളന്റെ പൊടിപോലും ഇതു വരെ കിട്ടിയിട്ടില്ല. മുൻ കൂട്ടി അറിയിപ്പ് നൽകിയായിരുന്നു കള്ളൻ മോഷ്ടിക്കാൻ എത്തിയത്. സ്കൂളിലേക്കുള്ള വഴികളില്‍ ഇന്ന ദിവസം സ്കൂളില്‍ കയറി പന്ത് മോഷ്ടിക്കുമെന്നടക്കം കുറിച്ചത് പിന്നീടാണ് ശ്രദ്ധിക്കുന്നത്. പന്ത് തങ്ങളുടെ ജീവനാണെന്നും ഏത് കള്ളന്മാര്‍ വന്നാലും കൊടുക്കില്ലെന്നുമാണ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പ്രതികരണം.
അറബിയില്‍ യാത്ര എന്നര്‍ത്ഥം വരുന്ന അല്‍ റിഹ്ല എന്ന് പേര് നല്‍കിയിട്ടുള്ള ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്തിന് പ്രത്യേക സുരക്ഷയൊരുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകര്‍. അഡിഡാസാണ് ഈ പന്തിന്‍റെ നിര്‍മ്മാതാക്കള്‍. 2022 ലെ ഫുട്ബോള്‍ ലോകകപ്പ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിലാണ് നടക്കുക. 20 പാനലുകളുള്ളതാണ് ഈപന്ത്. ഈ പാനലുകളുടെ രൂപം ദോ ബോട്ടുകളുടെ രൂപത്തില്‍ നിന്നും കടം കൊണ്ടതാണ്. സ്പീഡ് ഷെല്ലുകളാണ് ഈ പന്തിന്‍റെ മറ്റൊരു പ്രത്യേകത. കൃത്യമായ ഷോട്ട് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്.