2020 ആഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലേലത്തിന് ശേഷം പട്ടാമ്പി ഓങ്ങല്ലൂരിലെ ആക്രിക്കടയിലെത്തിച്ചു. അന്വേഷണ നടപടികള്‍ പൂര്‍ത്തിയായതോടെയാണ് കോക്പിറ്റും യന്ത്രഭാഗങ്ങളും ഉള്‍പ്പെടെയുള്ളവ ലേലം ചെയ്തത്. 

മലപ്പുറം: 2020 ആഗസ്റ്റ് ഏഴിന് രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഒടുവില്‍ ആറുവര്‍ഷത്തിന് ശേഷം സ്‌ക്രാപ്പ് വിപണിയിലേക്ക്. അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങളാണ് വലിയ ലോറികളില്‍ പട്ടാമ്പി ഓങ്ങല്ലൂരിലെ കാരക്കാടുള്ള സ്‌ക്രാപ്പ് വ്യാപാര കേന്ദ്രത്തിലെത്തിച്ചത്. ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 21 പേരാണ് അന്ന് മരണപ്പെട്ടത്. വിമാനം മൂന്നായി പിളര്‍ന്ന ഈ ദാരുണമായ കാഴ്ച ലോകം വിറങ്ങലിച്ചാണ് കണ്ടുനിന്നത്. അപകടത്തിന് ശേഷം അന്വേഷണത്തിന്റെ ഭാഗമായി വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ക്രെയിനുകളുടെ സഹായത്തോടെ വലിയ ലോറികളില്‍ കയറ്റിയാണ് ഈ വിമാനഭാഗങ്ങള്‍ ഇവിടെ എത്തിച്ചത്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയായതോടെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. രണ്ടുമാസം മുന്‍പ് നടന്ന ലേലത്തിലൂടെ കാരക്കാടുള്ള സ്‌ക്രാപ്പ് വ്യാപാരിയാണ് ഇവ സ്വന്തമാക്കിയത്. സിഐഎസ്എഫ് അന്വേഷണത്തിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയ ഭാഗങ്ങള്‍ ഒഴികെയുള്ള കോക്പിറ്റ്, യന്ത്രഭാഗങ്ങള്‍, ടയറുകള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ ഓങ്ങല്ലൂരിലെത്തിച്ചിരിക്കുന്നത്.

വിമാനത്തിന്റെ ഭാഗങ്ങള്‍ ഇറക്കുന്നത് കാണാനും കരിപ്പൂര്‍ ദുരന്തത്തിന്റെ നോവിക്കുന്ന ഓര്‍മ്മകള്‍ അടുത്തറിയാനുമായി നിരവധി ആളുകളാണ് കാരക്കാടുള്ള വ്യാപാര കേന്ദ്രത്തിലേക്ക് എത്തുന്നത്. ഇവിടെ വെച്ച് ഇവ യന്ത്രങ്ങള്‍ ഉപയോഗിച്ച് വെട്ടിമുറിച്ച ശേഷം സ്‌ക്രാപ്പ് ആയി വിദേശത്തേക്കും മറ്റും കയറ്റി അയക്കുമെന്ന് വ്യാപാര കേന്ദ്രം ഉടമ പറഞ്ഞു. ഇതോടെ ലോക വിമാന ദുരന്ത ചരിത്രത്തിലെ നടുക്കുന്ന ഒരേടായിരുന്ന ആ എയര്‍ ഇന്ത്യ വിമാനം പൂര്‍ണ്ണമായും ഇല്ലാതാവുകയാണ്.