
ആലപ്പുഴ: ജോലി മാറിയാലും കാക്കി മാറില്ല. ജിതിൻ ഇനി റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടിക്കാൻ വഴിയോരത്തുണ്ടാകും. ബസ് ഡ്രൈവറുടെ കാക്കിവേഷം അഴിച്ചുവെച്ച് ജിതിൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കാക്കിയണിഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തോളമായി ഭരണിക്കാവ്–ചെങ്ങന്നൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു ബിടെക് ബിരുദമുള്ള ഇരുപത്തിയെട്ടുകാരനായ ജിതിൻ പി എസ്.
വർഷങ്ങൾക്കു മുൻപ് എഴുതിയ പിഎസ്‍സി പരീക്ഷയിലൂടെ ഫെബ്രുവരി 27 ന് ആലപ്പുഴ ആർടിഒ ഓഫീസിൽ ജിതിന്‍ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായി ചുമതലയേറ്റു. ചുനക്കരതെക്ക് ജ്യോതിസ്സിൽ പുരുഷൻ–ശോഭ ദമ്പതികളുടെ മകനായ ജിതിൻ ആറ്റിങ്ങൽ ഗവ. പോളി ടെക്നിക്കിൽ നിന്ന് ഓട്ടമൊബീൽ ഡിപ്ലോമ എടുത്ത ശേഷം പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളജിൽ നിന്നു ബിടെക് പൂർത്തിയാക്കി. എൻജിനീയറിങ് യോഗ്യതയുമായി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിച്ചെങ്കിലും തുച്ഛമായ വേതനമാണ് പലയിടത്തും വാഗ്ദാനം ലഭിച്ചത്. അങ്ങനെയാണ് ബസ് ഡ്രൈവറാകാൻ ജിതിന്‍ തീരുമാനിക്കുന്നത്.
ബിടെക് ബിരുദധാരി ഡ്രൈവറാകുന്നതിൽ വീട്ടുകാർ എതിരായിരുന്നു. മകനെ ബസിൽ ഡ്രൈവറായി കണ്ടതിന് അച്ഛനമ്മമാരെ കുറ്റപ്പെടുത്താൻ നാട്ടുകാരും മുന്നിലുണ്ടായി. ആരുടെയും വിമർശനം കാര്യമായെടുക്കാതെ ജിതിൻ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടർന്നു. മെച്ചപ്പെട്ട ദിവസ വരുമാനവും ആഴ്ചയിൽ മൂന്നുനാാല് ദിവസം വരെ അവധിയുമുള്ള ജോലിക്കിടയിൽ പഠിക്കാൻ സമയം കണ്ടെത്തി. പിതാവ് പുരുഷൻ സൈനികനാണ്. ജിതിന്റെ ഏക സഹോദരി ജ്യോതി പാറ്റൂർ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam