
ആലപ്പുഴ: ചക്കുളത്തുകാവിലെ പ്രസിദ്ധമായ പൊങ്കാല വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ബുധനാഴ്ച നടക്കും. കൈയില്‍ പൂജാദ്രവ്യങ്ങളും പൊങ്കാലക്കലങ്ങളും ഭക്തിസാന്ദ്രമായ മനസുമായി വിവിധ ദേശങ്ങളിൽ നിന്നായി ഭക്തലക്ഷങ്ങളാണ് പൊങ്കാലയിടാനെത്തികൊണ്ടിരിക്കുന്നത്. നാളെത്തെ പൊങ്കാലയുമായി ബന്ധപ്പെട്ട് മേഖലയിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഏഴിന് കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. ഈ താലുക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെല്ലാം ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം നാടും നഗരവും നാളെ ചക്കുളത്തമ്മയുടെ യജ്ഞശാലയായി മാറും. ക്ഷേത്രമുറ്റത്ത് പൊങ്കാലയിടാനായി പതിനായിരക്കണക്കിനു സ്ത്രീകള്‍ ഇന്ന് തന്നെ ക്ഷേത്രാങ്കണത്തിലെത്തി. ക്ഷേത്രപരിസരത്തിനു പുറമെ 70 കിലോമീറ്റര്‍ ചുറ്റളവിലും ഭക്തര്‍ പൊങ്കാലയിടും. പൊങ്കാലയ്ക്കായി ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. അഭീഷ്ടകാര്യസിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായാണ് ഭക്തര്‍ അത്മസമര്‍പ്പണമായി ചക്കുളത്തമ്മയ്ക്കു പൊങ്കാലയിടുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ പൊങ്കാലയിടാനെത്തിയിട്ടുണ്ട്. ക്ഷേത്രവും പരിസര പ്രദേശങ്ങളും വിദൂര ദിക്കിൽ നിന്ന് പൊങ്കാലയ്ക്കായെത്തിയ ഭക്തരാല്‍ നിറയും. കൈയില്‍ മണ്‍കലങ്ങളും ചൂട്ടുകളുമായി പോകുന്ന സ്ത്രീകളുടെ ഒഴുക്കാണ് എവിടെയും.
പൊങ്കാല തളിക്കുന്നതിന് ആവശ്യമായ തിരുവായുധങ്ങൾ പ്രത്യേകം പൂജ ചെയ്ത് വാളിലേക്ക് ആവാഹിച്ച് ആ വാൾ എഴുന്നള്ളിച്ചാണ് പൊങ്കാല കളിക്കുന്നത്. അനുഷ്ഠാനങ്ങൾ എടുത്ത് കാപ്പു കെട്ടി 50ലധികം വരുന്ന വെളിച്ചപ്പാടുമാരാണ് തിരുവായുധങ്ങൾ എഴുന്നള്ളിച്ച് ഓരോ മൺകലങ്ങളുടെയും അടുത്ത് ചെന്ന് ദേവി സാന്നിധ്യം അറിയിച്ച പുഷ്പങ്ങളും തീർത്ഥങ്ങളും തളിച്ച് പൊങ്കാല ദേവിക്ക് സമർപ്പിക്കുന്നത്. അമ്പലമുറ്റത്ത് ഉടയാടചുറ്റി, ഭക്തജനങ്ങളുടെ ദു:ഖവും പാപവും പേറി കാര്‍ത്തികസ്തഭം ഉയര്‍ന്നുനില്‍ക്കുകയാണ്. പൊങ്കാല ദിവസം വൈകീട്ട് കാര്‍ത്തികസ്തംഭം അഗ്‌നിക്കിരയാകുന്നതോടെ ഭക്തരുടെ ദുഖവും ദൂരിതവും ഒഴിയുമെന്നാണ് വിശ്വാസം. കാർത്തിക സ്തംഭത്തിന് അഗ്നി പകരുന്നത് പശ്ചിമബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ് ആണ്.
പൊങ്കാലയ്‌ക്കെത്തുന്ന ഭക്തരെ സഹായിക്കാനായി വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എണ്ണൂറോളം പൊലീസുകാര്‍ക്കു പുറമെ ആയിരത്തോളം ക്ഷേത്ര വൊളന്റിയര്‍മാരും സേവന സന്നദ്ധരായുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam