
ഹരിപ്പാട്: പി ഐ പി മെയിൻ കനാലിൽ വീണ ജഴ്സി പശുവിനെ ഹരിപ്പാട് അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി 7 മണിയോടെ നങ്ങ്യാർകുളങ്ങര ഈരിയ്ക്കൽ കിരണിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ 2 വയസുള്ള ജഴ്സി പശുവാണ് ഫാമിലേക്ക് കൊണ്ടുവരുന്ന വഴി കനാൽ പാലത്തിൽ നിന്ന് താഴെ വീണത്.
വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കനാലിലിറങ്ങി പശുവിനെ ബൽറ്റുപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും ഹരിപ്പാട് അഗ്നി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി ബിനുകുമാർ, സീനിയർ ഫയർ റസ്ക്യൂ ഓഫീസർമാരായ സക്കീർ ഹുസൈൻ, ഷാജി ആർ, പ്രേംകുമാർ കെ, ശ്രീജിത്ത് എസ്, അരുൺ എസ്, ഫയർമാൻ ഗാർഡ് സുരേഷ് എന്നിവർ പങ്കെടുത്തു.
അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്ത സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നതാണ്. കണ്ണൂരിൽ നായാട്ടുപാറ കോവൂരിൽ പ്രിതീഷ് എന്നയാളുടെ ഫാമിലാണ് അനിഷ്ട സംഭവം നടന്നത്. ഭക്ഷണം ദഹിക്കാതെ വയർ വീർത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം ചെയ്ത വെറ്റിനറി സർജൻ വെളിപ്പെടുത്തിയിരുന്നു. കൂടാളി വെറ്റിനറി സർജൻ എൻ ഷാക്കിറയെത്തി പോസ്റ്റ്മോർട്ടം നടത്തിയത്. പശുക്കള്‍ ചത്തതിലൂടെ തനിക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം സർക്കാർ വീട്ടണമെന്നാണ് ഫാം ഉടമയുടെ ആവശ്യം. തുടർച്ചയായി അഞ്ചുതവണ ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര കർഷകനുള്ള പുരസ്കാരം കിട്ടിയ പ്രതീഷിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായ കേരള ഫീഡ്സിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുക്കുമെന്നാണ് ചോദ്യം. അതേസമയം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ജുറാണിയാണ് സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam