താൽക്കാലിക ജീവനക്കാരനായതിനാൽ തൊഴിൽ ആനുകൂല്യങ്ങളില്ല, പ്രേംകുമാറിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് നഗരസഭ

Published : Nov 22, 2024, 07:43 AM IST
താൽക്കാലിക ജീവനക്കാരനായതിനാൽ തൊഴിൽ ആനുകൂല്യങ്ങളില്ല, പ്രേംകുമാറിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് നഗരസഭ

Synopsis

പൊതു പണമോ, പുറമെ നിന്നുള്ള പിരിവോ ഒന്നുമില്ലാതെ ജനപ്രതിനിധികളും, നഗരസഭ ജീവനക്കാരും, സഹ തൊഴിലാളികളും, ഹരിതകർമ്മസേനാംഗങ്ങളും ചേർന്ന് പണം സ്വരൂപിച്ചു. പ്രേംകുമാറിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു

ആലപ്പുഴ: നഗരസഭ ശുചീകരണ തൊഴിലാളിയായിരിക്കെ മരണമടഞ്ഞ കറുകയിൽ വാർഡിൽ പ്രേം കുമാറിന്റെ വീടെന്ന സ്വപ്നം നഗരസഭ സാക്ഷാത്കരിക്കുന്നു. കല്ലിടൽ കർമ്മം നഗരസഭാധ്യക്ഷ കെകെ ജയമ്മ നിർവ്വഹിച്ചു. നഗരസഭയിൽ കഴിഞ്ഞ വർഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം ശുചീകരണ വിഭാഗം തൊഴിലാളിയായി ജോലിയിൽ പ്രവേശിക്കുകയും തികഞ്ഞ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നതിനിടെ ഫെബ്രുവരി മാസത്തിൽ പനി ബാധിതനായാണ് പ്രേംകുമാർ മരണപ്പെട്ടത്

രണ്ട് പെൺമക്കളും, ഭാര്യയും, ക്യാൻസർ ബാധിതനായ അച്ഛനും, അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പ്രേംകുമാർ. താൽക്കാലിക ജീവനക്കാരൻ ആയതിനാൽ തൊഴിൽ ആനുകൂല്യങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ പ്രേമിന്റെ കുടുംബത്തെ ചേർത്തു നിർത്തി അടച്ചുറപ്പുള്ള ഒരു വീട് എന്ന പ്രേമിന്റെ ആഗ്രഹം സഫലമാക്കുകയാണ് നഗരസഭ. പൊതു പണമോ, പുറമെ നിന്നുള്ള പിരിവോ ഒന്നുമില്ലാതെ ജനപ്രതിനിധികളും, നഗരസഭ ജീവനക്കാരും, സഹ തൊഴിലാളികളും, ഹരിതകർമ്മസേനാംഗങ്ങളും ചേർന്ന് പണം സ്വരൂപിച്ച് ഏകദേശം 10 ലക്ഷം രൂപ ചിലവ് വരുന്ന രീതിയിലാണ് വീട് നിർമാണം ആരംഭിച്ചിട്ടുള്ളത്. 

വീടിന്റെ പ്ലാനും നിർമാണ ചുമതലയും ജാഫിൽ അസോസിയേറ്റ്സ് ഉടമ ജഫിൻ ആണ് സേവന മനോഭാവത്തോടെ ഏറ്റെടുത്തിട്ടുള്ളത്. ചടങ്ങിൽ വൈസ് ചെയർമാൻ പിഎസ്എം ഹുസൈൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എംആർ പ്രേം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ എസ് കവിത, സെക്രട്ടറി എ എം മുംതാസ്, സൂപ്രണ്ട് അനിൽ കുമാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, തൊഴിലാളികൾ, പ്രേംകുമാറിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില