ആലപ്പുഴയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു; പൈപ്പിന്‍റെ അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും

By Web TeamFirst Published Nov 10, 2019, 10:38 AM IST
Highlights

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത പൊളിച്ച്, പൈപ്പിന്റെ അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും. റോഡ് പൊളിക്കാൻ കേരള റോഡ് ഫണ്ട് ബോർഡും കരാറുകാരും തമ്മിൽ ധാരണയായി.

ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണാൻ റോഡ് പൊളിച്ച്, പൈപ്പിന്റെ അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത പൊളിക്കുന്നത് സംബന്ധിച്ച് കേരളാ റോഡ് ഫണ്ട് ബോർഡും കരാറുകാരും തമ്മിൽ ധാരണയായി.

റോഡ് പൊളിക്കാൻ അനുമതി വൈകിയതിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. അറ്റകുറ്റ പണി പൂർത്തിയാക്കി രണ്ടുദിവസത്തിനകം കുടിവെള്ളവിതരണം പുനഃസ്ഥാപിക്കണം എന്നാണ് ജല അതോറിറ്റിയുടെ കണക്കുകൂട്ടൽ. 

അതേസമയം, കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ നാളെ തിരുവനന്തപുരത്ത് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ചേരും. തുടർച്ചയായി പൊട്ടല്‍ ഉണ്ടാകുന്ന ഒന്നരകിലോമീറ്റർ ദൂരത്തെ പൈപ്പ് പൂർണ്ണമായും മാറ്റി സ്ഥാപിക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകും. 

ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ കഴിഞ്ഞ ദിവസം  നാല് ജല അതോറിറ്റി ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തിരുന്നു. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ തോമസ് ജോണ്‍, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ ബ്രിജേഷ് ബി, അബ്ദുല്‍ റഹ്മാന്‍, ഓവർസിയർ ജി സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. പദ്ധതി നിർവ്വഹണ സമയത്തെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി ഉത്തരവിട്ടിട്ടുണ്ട്.

Also Read: ആലപ്പുഴയിലെ കുടിവെള്ള അഴിമതി; നാല് ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

click me!