ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍  നാല് ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ തോമസ് ജോണ്‍, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ ബ്രിജേഷ് ബി, അബ്ദുല്‍ റഹ്മാന്‍, ഓവർസിയർ ജി സന്തോഷ് കുമാർ എന്നിവർക്കാണ് സസ്പെൻഷൻ. പദ്ധതി നിർവ്വഹണ സമയത്തെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി ഉത്തരവിട്ടു. അതേസമയം  കുടിവെള്ള പ്രശ്‍നത്തിന് പരിഹാരം കാണുന്നതിൽ നിന്ന് കൈകഴുകുന്ന നിലപാടാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എടുത്തത്.

റോഡ് പൊളിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടത് കിഫ്ബിയാണെന്നും പൊതുമരാമത്ത് വകുപ്പിനെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നുമായിരുന്നു മന്ത്രി ജി സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞത്. പൊട്ടിയ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് റോഡ് കുഴിക്കാൻ  പൊതുമരാമത്ത് വകുപ്പിൽ പണം അടച്ചു കാത്തിരിക്കുകയാണ് ജല അതോറിറ്റി. തുടർച്ചയായ ഒമ്പതാം ദിവസമാണ് കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്നത്. കിഫ്ബി ഫണ്ടിലൂടെ നിർമ്മിച്ച റോഡാണ് അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാത.

എന്നാൽ റോഡിന്‍റെ പരിപാലന ചുമതല കരാറുകാരെ കൊണ്ട് ചെയ്യിക്കുന്നത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് ഫണ്ട് ബോ‍ർഡാണ്. എന്നിട്ടും പൂർണ്ണ ഉത്തരവാദിത്വം കിഫ്ബിക്കെന്നാണ് മന്ത്രി ജി സുധാകരന്‍ പറയുന്നത്. അതേസമയം, കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി തുടർച്ചയായി പൊട്ടുന്ന ഒന്നരകിലോമീറ്റിലെ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനുള്ള അനുമതി ജലഅതോറിറ്റിയും വൈകിപ്പിക്കുകയാണ്. കരാറുകാരനെ രക്ഷിക്കുന്നതിനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. പദ്ധതിക്ക് പിന്നിലെ ക്രമക്കേടുകളെകുറിച്ചുള്ള വിജിലൻസ് റിപ്പോർട്ടും വകുപ്പ് പൂഴ്ത്തിവച്ചിരിക്കുന്നു.