വീട്ടമ്മയുടെ പരിലാളനയിൽ 'സഹസ്രദളം താമരപ്പൂവ്' വിരിഞ്ഞു

By Web TeamFirst Published Jun 27, 2021, 9:49 PM IST
Highlights

ഇപ്പോൾ ഏകദേശം 40 ഓളം താമരയും 90 ഓളം ആമ്പലുമുണ്ട്. കഴിഞ്ഞ ദിവസമാണ് അപൂർവയിനത്തിൽപ്പെട്ട സഹസ്രദളം വിരിഞ്ഞത്. 

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കേ നട ഗ്രീഷ്മം വീട്ടിൽ വിജയന്‍റെ ഭാര്യ ചന്ദ്രികയാണ് വീട്ടിൽ അപൂർവയിനത്തിൽപ്പെട്ട സഹസ്രദളം താമരപ്പൂവ് വിരിയിച്ചത്.ആരോഗ്യ വകുപ്പിൽ നിന്നു വിരമിച്ച ശേഷമാണ് മട്ടുപ്പാവിൽ ചന്ദ്രിക ആമ്പലും താമരയും കൃഷിയാരംഭിച്ചത്. പ്രത്യേകം പ്ലാസ്റ്റിക് ബെയ്സനുകളിലാണ് ഇവ വളർത്തുന്നത്. ഓൺലൈനിലൂടെയാണ് ഇവയുടെ കിഴങ്ങ് വാങ്ങുന്നത്.

ഇപ്പോൾ ഏകദേശം 40 ഓളം താമരയും 90 ഓളം ആമ്പലുമുണ്ട്. കഴിഞ്ഞ ദിവസമാണ് അപൂർവയിനത്തിൽപ്പെട്ട സഹസ്രദളം വിരിഞ്ഞത്. 6 മൊട്ടുകൾ ഉള്ളതിൽ ഒരു മൊട്ടു മാത്രമാണ് ഇപ്പോൾ ആയിരം ഇതളുകളുമായി വിരിഞ്ഞു നിൽക്കുന്നത്. ഇത് രണ്ടാം തവണയാണ് സഹസ്രദളം വിരിഞ്ഞതെന്ന് ചന്ദ്രിക പറഞ്ഞു.ആമ്പൽപ്പൂക്കൾ 150 മുതൽ 8000 രൂപ വരെയും താമരപ്പൂക്കൾ 250 മുതൽ 4000 രൂപ വരെക്കുമാണ് വിറ്റഴിക്കുന്നത്. 

ഇപ്പോൾ ഓൺ ലൈനിലൂടെയാണ് ഇവയുടെ വിൽപ്പന. മറ്റ് സംസ്ഥാനങ്ങളിലേക്കും പൂക്കൾ ഓൺലൈൻ മാർഗം  വിൽക്കാറുണ്ട്. താമരയും ആമ്പലും കൂടാതെ മറ്റനേകം പൂക്കളും ചന്ദ്രികയുടെ കരപരിലാളനത്താൽ വിരിഞ്ഞു നിൽക്കുന്നുണ്ട്. സഹായികളായി ഭർത്താവും മക്കളുമൊക്കെയുണ്ട്. കവികളുടെ  വരികളിലൂടെ മാത്രം പരിചയമുള്ള സഹസ്രദളം നേരിൽക്കാണാനും തിരക്കാണിപ്പോൾ.

click me!