
കോഴിക്കോട്: ഗൾഫിൽ രണ്ടരലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം നൽകി 25-ഓളം പേരിൽ നിന്നായി ഒന്നരക്കോടി രൂപ തട്ടിയെടുത്ത ആലപ്പുഴ സ്വദേശിയെ പൊലിസ് പിടികൂടി. മുക്കം നഗരസഭയിലെ മണാശേരി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം വീടെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശി റോണി തോമസി (40) നെയാണ് കോട്ടയം ഗാന്ധിനഗർ പൊലിസ് പിടികൂടിയത്.
ഗാന്ധിനഗർ സ്വദേശി റോയിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. മകന്റെ ഭാര്യക്ക് കുവൈത്തിൽ ജോലി വാഗ്ദാനം നൽകി മൂന്നു തവണയായി 23 ലക്ഷം രൂപയാണ് റോയിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സമാനമായ രീതിയിൽ റാന്നിയിലും ഇയാൾ തട്ടിപ്പ് തടത്തിയതായി പരാതിയുണ്ടെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസമായി കൊല്ലം സ്വദേശിയായ യുവതിയോടൊത്ത് വെസ്റ്റ് മാമ്പറ്റയിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. താൻ പ്രവാസിയായിരുന്നെന്നും കൂടെയുള്ള സ്ത്രീ സ്വന്തം ഭാര്യയാണെന്നുമാണ് ഇയാൾ അയൽവാസികളെ ധരിപ്പിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന സ്ത്രീ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.
അഞ്ച് മാസത്തോളം വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി അയൽവാസികളുമായി അടുപ്പം പുലർത്തിയിരുന്നില്ല. ചങ്ങനാശ്ശേരിയിലും മറ്റും ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി മുക്കത്തെത്തിയത്. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലിസ് പ്രതിയെ പിടികൂടിയത്. ആർക്കിടെക്റ്റാണെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കൂടെ താമസിപ്പിച്ചതെന്നും തട്ടിപ്പുമായി യുവതിക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലിസ് പറഞ്ഞു.
ഗാന്ധിനഗർ സ്റ്റേഷനിലെ അഡിഷണൽ എസ്ഐ അരവിന്ദ് കുമാർ, എഎസ്ഐ രാജേഷ് ഖന്ന, സിവിൽ പൊലിസ് ഓഫിസർ പ്രവീൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അതേസമയം പ്രതിയോടൊപ്പമുള്ള യുവതിക്ക് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മുക്കം നഗരസഭ ചെയർമാൻ പിടി ബാബു ഇടപെട്ട് ഇവരെ എഫ്എൽടിസിയിലേയ്ക്ക് മാറ്റി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam