
ആലപ്പുഴ: ആലപ്പുഴ ആര്യാട് സ്വദേശി സനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസിലെ ഒന്നാം പ്രതി പ്രശാന്ത്, രണ്ടാം പ്രതിയും പ്രശാന്തിന്റെ പിതാവുമായ പൊടിയൻ എന്ന പ്രസാദ്, കിരൺ റോഡ്രിഗ്സ്, അജി ലാൽ, ജോസ് ആൻ്റണി, അപ്പു, ഫിനിസ്റ്റർ നെറ്റോ എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും ഈടാക്കിയത്.
2014 ജൂലൈ 4 നായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സനോജും പ്രതികളായ പ്രശാന്തും പൊടിയനും അയൽവാസികൾ ആണ്. പൊടിയന്റെ മകളും സനോജും അടുപ്പത്തിൽ ആയിരുന്നു. ഇരുവരും വീട് വിട്ട് പോയപ്പോൾ പൊടിയൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ വീട്ടിൽ കൂട്ടികൊണ്ട് പോകുകയും മറ്റൊരു വിവാഹം കഴിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തോടെയാണ് ഇരു കുടുംബങ്ങളും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. പിന്നീട് ഭീഷണിയെ തുടർന്ന് സനോജും കുടുംബവും മറ്റൊരിടത്തേക്ക് മാറി താമസിച്ചെങ്കിലും ഏതാനും വർഷങ്ങൾക്ക് ശേഷം വീണ്ടും അവിടേക്ക് തന്നെ തിരികെ എത്തി. ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങവെ വീടിന് അടുത്ത് വച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു. ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെയായിരുന്നു ആക്രമണം.
വടിവാൾ ഉപയോഗിച്ച് വെട്ടി, ഇരുമ്പ് കൂടം കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. 32 മുറിവുകൾ സനോജിന്റെ ശരീരത്തിൽ ഉണ്ടായതയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അതി ക്രൂരമായ മർദ്ദനമാണ് സനോജിന് ഏൽക്കേണ്ടി വന്നത്. കൊല്ലപ്പെടുമ്പോൾ സനോജിന് 28 വയസ്സായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam