
പാലക്കാട്: ഇന്നലെ കുസാറ്റിലുണ്ടായ ദുരന്തത്തിൽ മരിച്ച ആൽവിൻ ജോസഫ് കുസാറ്റിലെത്തിയത് സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ഫയർ ആന്റ് സേഫ്റ്റി കോഴ്സ് പഠിച്ച ആൽവിൻ പരീക്ഷ എഴുതിയത് കുസാറ്റിലാണ്. പരീക്ഷ പാസായതിനെ തുടർന്ന് സർട്ടിഫിക്കറ്റ് വാങ്ങാനാണ് പാലക്കാട് മുണ്ടൂരിലെ വീട്ടിൽ നിന്നും ആൽവിൻ കൊച്ചിയിലെത്തിയത്. കുസാറ്റിൽ ആൽവിന് സൗഹൃദങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗാനമേള കേൾക്കാൻ ആൽവിൻ അവിടെ നിന്നത്.
തീർത്തും പാവപ്പെട്ട കുടുംബത്തിന്റെ അത്താണി ആയിരുന്നു ആൽവിൻ. കാറ്ററിംഗ് ജോലികളും മറ്റും ചെയ്താണ് ആൽവിൻ കുടുംബം പുലർത്തിയിരുന്നത്. കൂലിപ്പണിക്കാരാണ് മാതാപിതാക്കൾ. സഹോദരിയും ഭർത്താവും എത്തിയാണ് ആൽബിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ജോലി തേടി പോകുകയാണെന്നാണ് ആൽവിൻ പറഞ്ഞതെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ടെക് ഫെസ്റ്റിനിടെയാണ് വലിയ അപകടം ഉണ്ടായത്. ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളുടെ തിക്കും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. കുസാറ്റിലെ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥികളായ അതുൽ തമ്പി, സാറാ തോമസ്, ആൻ റുഫ്തോ എന്നിവരും പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫുമാണ് മരിച്ചത്.
വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടി നിയന്ത്രിച്ചതും വിദ്യാർത്ഥികളായിരുന്നു. വിദ്യാർത്ഥികൾ തന്നെയായിരുന്നു വളണ്ടിയർമാർ. സ്കൂൾ ഓഫ് എഞ്ചിനീയറിങിലെയും ടെക് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്കും മാത്രമായിരുന്നു ഗാനമേളയ്ക്ക് പ്രവേശനം. ഇവർക്ക് പ്രത്യേകം ടീ ഷർട്ട് നൽകിയിരുന്നു. ഇത് ധരിച്ചവർക്ക് മാത്രമായിരുന്നു. പ്രവേശനം.
വൈകിട്ട് ഏഴ് മണിയോടെ വിദ്യാർത്ഥികളെ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനിടയിൽ പുറത്ത് മഴ പെയ്തു. ഈ സമയത്ത് വിദ്യാർത്ഥികൾ തള്ളിക്കയറാൻ ശ്രമിച്ചു. ആംഫിതിയേറ്ററിലേക്ക് ഇറങ്ങി പോകുന്ന പടികളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പുറകിൽ നിന്നുള്ള തള്ളലിൽ നിലത്ത് വീണു. ഇവർക്ക് മുകളിലേക്ക് പിന്നെയും വിദ്യാർത്ഥികൾ വീണു. വീണുകിടന്ന വിദ്യാർത്ഥികളെ പിന്നാലെയെത്തിയവർ ചവിട്ടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. അപകട സ്ഥലത്ത് നിന്നും ഉടൻ തന്നെ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ആൽബിനടക്കം മരിച്ച നാല് പേരും ആശുപത്രിയിലെത്തും മുൻപ് അന്ത്യശ്വാസം വെടിഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam