കോവിഡ് 19: മലപ്പുറം ജില്ലയിലെ ആരോഗ്യ സേവനങ്ങളെല്ലാം ഇനി ഒരു നമ്പറില്‍

By Web TeamFirst Published Apr 1, 2020, 9:13 PM IST
Highlights

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കാനും മുന്‍കരുതലിനും മലപ്പുറം ജില്ലയില്‍ ഇനി ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ക്ക് വിവിധ നമ്പറുകളില്‍ വിളിക്കേണ്ടതില്ല.
 

മലപ്പുറം: കൊവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കാനും മുന്‍കരുതലിനും മലപ്പുറം ജില്ലയില്‍ ഇനി ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ക്ക് വിവിധ നമ്പറുകളില്‍ വിളിക്കേണ്ടതില്ല. 9015803804 എന്ന മൊബൈല്‍ നമ്പറില്‍ മാത്രം വിളിച്ചാല്‍ മതി. ആരോഗ്യവകുപ്പിന്റെ മുഴുവന്‍ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും ടെലഫോണ്‍ വഴിയുള്ള ഡോക്ടര്‍മാരുടെ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ചാല്‍ ലഭ്യമാകും. 

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ വിഭാഗമാണ് 'സ്‌നേഹ' എന്ന പേരില്‍ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ചു ലഭിക്കുന്ന സേവനങ്ങള്‍ ഒറ്റ നമ്പറില്‍ ലഭ്യമാക്കിയ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'സ്‌നേഹ' സംവിധാനത്തിലെ നമ്പറിലേക്കു വിളിച്ചാല്‍ ആരോഗ്യവകുപ്പിലെ വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കും. പിന്നീട് ഒന്ന് അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ റൂമിലെ സേവനങ്ങള്‍ ലഭിക്കും. രണ്ടില്‍ കൗണ്‍സലിങ് സേവനങ്ങളാണ്. മൂന്ന് അമര്‍ത്തിയാല്‍ 20 അംഗ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ ലഭ്യമാകും. നാലില്‍ സൈക്യാട്രി ഡോക്ടര്‍മാരുടെ സേവനങ്ങളും അഞ്ച് അമര്‍ത്തിയാല്‍ 108 ആംബുലന്‍സ് സര്‍വ്വീസും ലഭിക്കും. നമ്പര്‍ ആറ് അമര്‍ത്തിയാല്‍ 10 അംഗ പാലിയേറ്റീവ് ഡോക്ടര്‍മാരുടെ സേവനവും ഏഴില്‍ ആരോഗ്യ വകുപ്പിന്റെ മറ്റു സേവനങ്ങളുമാണ് ലഭ്യമാവുക.

ഇന്റര്‍ ആക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം (ഐവിആര്‍) ഉപയോഗിച്ച് ഇത്തരത്തിലുള്ള സംവിധാനം സംസ്ഥാനത്താദ്യമായി ജില്ലയിലാണ് പ്രാവര്‍ത്തികമാക്കിയതെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍ പറഞ്ഞു. സൗജന്യ സേവനമായി ചങ്ങരംകുളത്തെ സ്പാര്‍ക്ക് ടെക്‌നോ മീഡിയയാണ് 'സ്‌നേഹ' സംവിധാനം ആരോഗ്യ വകുപ്പിനായി ഒരുക്കി നല്‍കിയത്. സ്പാര്‍ക്കിലെ എന്‍ജിനീയര്‍ പാലക്കാട് കപ്പൂര്‍ കോഴിക്കര സ്വദേശിയായ എന്‍എം മുബാറക്കാണ് ഇത് രൂപകല്‍പന ചെയ്തത്. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ട്രേസിംഗ് സംവിധാനവും ഇദ്ദേഹമാണ് ഒരുക്കിയിരുന്നത്.

click me!