ഹൈഡല്‍ ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ സിപിഎം വീതംവെച്ച് നല്‍കുന്നുവെന്ന് ആരോപണം

By Web TeamFirst Published Mar 9, 2019, 6:31 PM IST
Highlights

കോടികള്‍ വരുമാനം ലഭിക്കേണ്ട പദ്ധതികളാണ് സ്വകാര്യവത്കരിക്കുന്നത്. ഇതോടെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇടുക്കി: ഹൈഡല്‍ ടൂറിസം വകുപ്പിന്റെ വിവിധ പദ്ധതികള്‍ സിപിഎം സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ നേത്യത്വത്തിലുള്ള സൊസൈറ്റിക്ക് വീതംവെച്ച് നല്‍കുന്നതായി ആരോപണം. കോടികള്‍ വരുമാനം ലഭിക്കേണ്ട പദ്ധതികളാണ് സ്വകാര്യവത്കരിക്കുന്നത്.

ഇതോടെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇടതു മുന്നണി സര്‍ക്കാര്‍ കോടികള്‍ വരുമാനം ലഭിക്കുന്ന പദ്ധതികള്‍ സിപിഎം സെക്രട്ടറിയേറ്റ് അംഗം കെ വി ശശി പ്രസിഡന്റായ സൊസൈറ്റിക്ക് തീറെഴുതി നല്‍കുയാണെന്ന് മാട്ടുപ്പെട്ടി മണ്ഡലം പ്രസിഡന്റ് ആഡ്രൂസ് ആരോപിച്ചു.

കോണ്‍ഗ്രസ് അധികാരത്തില്‍ ഉള്ളപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹൈഡല്‍ ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ പലതും ഇപ്പോള്‍ നഷ്ടമാണെന്ന് വരുത്തിതീര്‍ത്താണ് സര്‍ക്കാര്‍ ഇങ്ങനെയൊരു അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത്. പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ ടൂറിസം വകുപ്പിന്റെ പാര്‍ക്കില്‍ അഡ്വഞ്ചര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഭൂമി വിട്ടുനല്‍കിയിരിക്കുകയാണ്.

തന്നെയുമല്ല അദ്ദേഹത്തിന്റെ മകന് പിന്‍വാതില്‍ നിയമനത്തിലൂടെ ജോലിയും നല്‍കിയിട്ടുണ്ട്. മാട്ടുപ്പെട്ടിയില്‍ ഇയാളുടെ സഹായത്തോടെ നടപ്പിലാക്കിയ വാട്ടര്‍ സ്‌കൂട്ടര്‍ പലപ്പോഴും അപകടത്തില്‍പ്പെടുകയാണ്. കഴിഞ്ഞ രണ്ട് പ്രാവശ്യമുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് സന്ദര്‍ശകര്‍ രക്ഷപ്പെട്ടത്.

ജലാശയം ആസ്വദിക്കുവാനെത്തുന്ന സന്ദര്‍ശകര്‍ക്ക് നിലവില്‍ സുരക്ഷയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മാട്ടുപ്പെട്ടി, എക്കോ പോയിന്റ് , കുണ്ടള എന്നിവിടങ്ങളിലാണ് ഹൈഡല്‍ ടൂറിസം വകുപ്പിന് നിലവില്‍ ഭൂമികള്‍ ഉള്ളത്. ഇവിടെയെല്ലാം ബോട്ടിംങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

എന്നാല്‍ സ്വകാര്യ പങ്കാളിത്തതോടെ വാട്ടര്‍ സ്‌കൂട്ടറടക്കമുള്ളവ എത്തിയതോടെ വകുപ്പിന് ലഭിച്ചിരുന്ന വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതികള്‍ നഷ്ടത്തിലാകാന്‍ ഇത്തരം സ്വകാര്യവത്കരണം കാരണമായിട്ടുണ്ട്.

കെ വി ശശിയുടെ നേതൃത്വത്തില്‍ മാട്ടപ്പെട്ടി റോഡില്‍ സൊസൈറ്റി കെട്ടിടം നിര്‍മ്മിച്ചിരുന്നു. മൂന്നാര്‍ സ്‌പെഷില്‍ റവന്യു അധിക്യകര്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയ പിന്‍ബലത്തില്‍ കെട്ടിടം നീതി സ്റ്റോറാക്കി മാറ്റുകയായിരുന്നു.

click me!