
തൃശൂര്‍: ഇലക്ട്രിസിറ്റി ബോര്‍ഡിനേക്കാള്‍ അധികസേവനനിരക്ക് ഈടാക്കി പഴയ മുനിസിപ്പല്‍ പ്രദേശത്തെ ജനങ്ങളെ കൊള്ളയടിക്കാനുള്ള വൈദ്യുതിവിഭാഗം ഗൂഢാലോചന പൊളിഞ്ഞു. നിരക്ക് കൂട്ടാനുള്ള അധികാരം ഉടമസ്ഥരായ കൗണ്‍സിലിനല്ല, ശമ്പളക്കാര്‍ക്കാണെന്ന വാദമുയര്‍ത്തിയ വൈദ്യുതി വിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറിയെ കൗണ്‍സില്‍ യോഗത്തില്‍ ജനപ്രതിനിധികള്‍ നിറുത്തിപൊരിച്ചു. കൗണ്‍സിലിന്റെ അധികാരത്തെ ചോദ്യം ചെയ്യുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്ത അസി.സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത് നടപടിയെടുക്കണമെന്നാണ് ഡി.സി.സി ജനറല്‍ സെക്രട്ടറികൂടിയായ പ്രതിപക്ഷത്തെ എ.പ്രസാദ് ആവശ്യപ്പെട്ടത്.
നിരക്ക് വര്‍ധനവിന് തീരുമാനമെടുത്ത് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തിനയച്ചതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് എല്‍.ഡി.എഫ് ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം നേതാവ് വര്‍ഗ്ഗീസ് കണ്ടംകുളത്തിയും വ്യക്തമാക്കിയതോടെ അസി.സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍ പ്രതികൂട്ടിലായി. വിശദീകരണം നല്‍കാന്‍പോലും അസി.സെക്രട്ടറിയെ മേയര്‍ അജിത ജയരാജന്‍ അനുവദിച്ചതുമില്ല. കെഎസ്ഇബിയേക്കാള്‍ 15 ശതമാനത്തോളം സേവനനിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെകൊള്ളയടിക്കാനുള്ള കോര്‍പറേഷന്‍ വൈദ്യുതിവിഭാഗം ഉദ്യോഗസ്ഥരുടെ നീക്കം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തയാക്കിയിരുന്നു.
നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഉടമസ്ഥരായ കൗണ്‍സിലിനാണോ ശമ്പളക്കാരായ ഉദ്യോഗസ്ഥര്‍ക്കാണോ എന്ന അധികാരതര്‍ക്കത്തില്‍ വിശദചര്‍ച്ച നടത്താനും വിശദീകരണങ്ങള്‍ തേടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ചാലിശ്ശേരിയാണ് വൈദ്യുതി നിരക്ക് വര്‍ധനപ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. കൗണ്‍സില്‍ അംഗീകാരമില്ലാതെയുള്ള നിരക്ക് വര്‍ധന അപേക്ഷ നിയമവിരുദ്ധമാണെന്നും പരിഗണിക്കരുതെന്നും കമ്മീഷന്‍ മുമ്പാകെ താനും കൗണ്‍സിലര്‍മാരായ ഷിന ചന്ദ്രനും സി.ബി.ഗീതയും ഹാജരായി ആവശ്യപ്പെട്ടതാണെന്ന് ചാലിശ്ശേരി പറഞ്ഞു.
എന്നാല്‍ കൗണ്‍സിലിന് അംഗീകാരം ആവശ്യമില്ലെന്നും തങ്ങളാണ് അധികാരികളെന്നും അസി.സെക്രട്ടറി കമ്മീഷന്‍ സിറ്റിങ്ങില്‍ വാദിച്ചതായും കൗണ്‍സിലിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന അവഹേളനാപരമായ നിലപാടാണ് അസി.സെക്രട്ടറി സ്വീകരിച്ചതെന്നും ചാലിശ്ശേരി പറഞ്ഞു. വര്‍ധനവ് അംഗീകരിച്ചാല്‍ ജനങ്ങള്‍ എതിരാകുമെന്നും വൈദ്യുതിവിതരണാവകാശം നഗരസഭക്ക് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും ചാലിശ്ശേരി പറഞ്ഞു. ഉടമസ്ഥരായ കൗണ്‍സിലാണോ, ശമ്പളക്കാരനായ അസി.സെക്രട്ടരിക്കാണോ ചാര്‍ജ് കൂട്ടാന്‍ അധികാരമെന്നത് സംബന്ധിച്ച തദ്ദേശസ്വയം ഭരണസെക്രട്ടറിയോട് വിശദീകരണം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേല്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.സുബിബാബു, ടി.ആര്‍.സന്തോഷ്, ലാലി ജെയിംസ് എന്നിവരും ഉദ്യോഗസ്ഥനടപടിയേയും ചാര്‍ജ്‌വര്‍ദ്ധനയേയും ചോദ്യം ചെയ്തു. കൗണ്‍സിലറിയാതെ റെഗുലേറ്ററി കമ്മീഷന് നിരക്ക് വര്‍ധനക്ക് കത്തയച്ചതിന് ഒരു ന്യായീകരണവുമില്ലെന്നും അവര്‍ പറഞ്ഞു. പ്രശ്‌നം അധികാരതര്‍ക്കമാണെന്നും കൗണ്‍സിലിന്റെ അധികാരങ്ങള്‍ കവരുന്ന റഘുലേറ്ററി കമ്മീഷന്റെ ഉത്തരവുകള്‍ ഇതിന് ആക്കം കൂട്ടിയെന്നും ഭരണപക്ഷം വിശദമാക്കി. കൗണ്‍സിലിന്റെ അധികാരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കയാണ്. അത് ശരിയല്ല.
അതുസംബന്ധിച്ച വിശദചര്‍ച്ച വേണമെന്നും വര്‍ഗീസ് കണ്ടംകുളത്തി നിര്‍ദ്ദേശിച്ചു. വര്‍ഷങ്ങളായി കമ്മീഷന്‍ അംഗീകാരത്തോടെ ബോര്‍ഡിനേക്കാള്‍ അധികനിരക്കാണ് നഗരസഭയില്‍ ഈടാക്കികൊണ്ടിരിക്കുന്നതെന്ന് അതൊന്നും കൗണ്‍സില്‍ അറിഞ്ഞിട്ടില്ലെന്നും വര്‍ഗ്ഗീസ് പറഞ്ഞു. ഇന്ധനവില നിയന്ത്രിക്കാന്‍ എണ്ണകമ്പനികള്‍ക്ക് അധികാരം നല്‍കിയപോലെ റഗുലേറ്ററി കമ്മീഷനും അധികാരം നല്‍കിയതു കോണ്‍ഗ്രസ്സാണെന്നും ഭരണപക്ഷത്തെ സിപിഎം അംഗം അനൂപ് കാട വിമര്‍ശിച്ചു. അധികാരതര്‍ക്കം സംബന്ധിച്ച് വിശദ ചര്‍ച്ച നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam