
ഇടുക്കി: മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കോടതി ആക്രമിച്ച കേസ് അട്ടിമറിച്ച് മൂന്നാര്‍ പൊലീസ്. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ഒന്നാം പ്രതിയായും തഹസില്‍ദ്ദാര്‍ പി.കെ ഷാജിയെ രണ്ടാം പ്രതിയായും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് മരവിപ്പിച്ചു.
സെപ്തംബര്‍ 19 നാണ് മൂന്നാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കെട്ടിടം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എയുടെ നേത്യത്വത്തില്‍ രാഷ്ട്രീയ നേതാക്കളും ദേവികുളം തഹസില്‍ദ്ദാരും മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കോടതിയിലെത്തിയത്. കെട്ടിടത്തില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചു. സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരെ മര്‍ദ്ദിച്ചു. പൂട്ടിയിട്ടിരുന്ന മുറികള്‍ കുത്തിത്തുറന്ന് വിദ്യാര്‍ത്ഥികളെ കയറ്റി അധ്യാപകരെ ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുകയും ചെയ്തു. സര്‍ക്കാര്‍ മൂന്നാറിലെ സ്പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്തിയെന്നും അതിനാല്‍ കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്കായി വിട്ടുനല്‍കണമെന്നായിരുന്നു എം.എല്‍.എയുടെ വാദം. നിലവില്‍ സിറ്റംങ്ങ് നിര്‍ത്തിയെങ്കിലും ഓഫീസിന്റെ പ്രവര്‍ത്തനം തുടരുന്നതായി ജീവനക്കാര്‍ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നാര്‍ എസ്.ഐ വിന്‍സെന്റിന്റെ നേത്യത്വത്തില്‍ പൊലീസെത്തിയെങ്കിലും രാഷ്ട്രീയനേതാക്കള്‍ ഇടപെടാന്‍ അനുവധിക്കാതെ മടക്കിയയച്ചു.
സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സ്പെഷ്യല്‍ ട്രൈബ്യൂണല്‍ അംഗം എന്‍.കെ വിജയന്‍ മൂന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കേസ് കൊടുക്കുകയും ഹൈക്കോടതിക്ക് പരാതി നല്‍കുകയും ചെയ്തു. എസ്.ഐയ്ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് എം.എല്‍.എ എസ്. രാജേന്ദ്രനെ ഒന്നാം പ്രതിയാക്കിയും ദേവികുളം തഹസില്‍ദ്ദാരെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തു. എന്നാല്‍ കേസെടുത്ത എസ്.ഐ വര്‍ഗീസിനെ രാഷ്ട്രീയ നേതാക്കള്‍ ഇടപ്പെട്ട് സ്ഥലം മാറ്റുകയായിരുന്നു. ഇതോടെ കേസിന്റെ ചുമതല മൂന്നാര്‍ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന് കൈമാറുകയായിരുന്നു. എന്നാല്‍ കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനായി മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജില്‍ സൗകര്യമൊരിക്കിയതിന് പിന്നാലെയാണ് സംഘം കോടതി കെട്ടിടം ആക്രമിച്ച് കയറിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam