
തിരുവല്ല: തിരുവല്ലയില് ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് റിട്ടയേഡ് പ്രൊഫസറുടെ കാർ തടഞ്ഞുനിർത്തി മൂക്കിൻറെ അസ്ഥി ഇടിച്ച് തകർത്ത സംഭവത്തിൽ പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വളഞ്ഞവട്ടം പെരുമ്പുയിൽ എബി മാത്യു ( 41 ) ആണ് അറസ്റ്റിൽ ആയത്.
മാവേലിക്കര കല്ലുപ്പുറത്ത് കൊട്ടാരത്തിൽ ആൻറണി ജോർജ് (62) നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പുളിക്കീഴ് ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം. മാവേലിക്കരയിൽ നിന്നും തിരുവല്ലയിലേക്ക് കാർ ഓടിച്ചു വരികയായിരുന്നു ആൻറണി ജോർജ്. പിന്നാലെ ബൈക്കിൽ എത്തിയ പ്രതി തനിക്ക് കടന്നുപോകാൻ വശം നൽകിയില്ല എന്നതിൽ ക്ഷുഭിതനായി കാർ തടയുകയും അസഭ്യം വിളിച്ച് ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും ആയിരുന്നു.
ആക്രമണത്തിൽ ആൻറണിയുടെ മൂക്കിൻറെ പാലത്തിന് പൊട്ടലും കണ്ണിന് താഴെ മുറിവും ഉണ്ടായി. സിസിടിവികൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ് ഐ മാരായ കെ സുരേന്ദ്രൻ, കുരുവിള സക്കറിയ, എ എസ് ഐ രാജേഷ്, സി പി ഒ മാരായ സുധീപ്, സുജിത്ത്, രഞ്ചു, രജീഷ്.ആർ, കൺട്രോൾ റൂം സിപിഒ ആനന്ദ് വി ആർ നായർ, പുളിക്കീഴ് സ്റ്റേഷൻ സൈബർ വാളണ്ടിയർ ഗിരീഷ് ഹരിദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam