ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡിൽ, ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് 78-കാരിയായ നബീസ എന്ന വയോധികയ്ക്ക് തലയ്ക്ക് പരിക്കേറ്റു. നബീസ വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോയ ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി
ഹരിപ്പാട് : ഇറങ്ങുന്നതിനു മുൻപ് കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ബസിൽ നിന്ന് വീണ് വയോധികയ്ക്ക് പരിക്കേറ്റു. ആനാരി പുത്തൻപുരയിൽ നബീസയ്ക്കാണ്(78) പരുക്കേറ്റത്. തലയ്ക്കാണ് പരുക്കേറ്റത്. നബീസയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം അമ്പലപ്പുഴയിൽ നിന്നാണ് നബീസയും മകൻ സമദും ബസിൽ കയറിയത്. ഹരിപ്പാട് സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ മകൻ പിൻവാതിൽലൂടെ ഇറങ്ങി. ഈ സമയത്ത് നബീസ മുൻ വാതിലിലൂടെ ഇറങ്ങുകയായിരുന്നു. എന്നാൽ ഇവർ ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ട് എടുത്തു. ചവിട്ടുപടിയിൽ നിന്ന് നബീസ താഴെ വീണു. നബീസ വീഴുന്നത് കണ്ടിട്ടും കണ്ടക്ടറും ഡ്രൈവറും ബസ് നിർത്തിയില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകി.


