
കോഴിക്കോട്: യുവതിയെ ജോലി ചെയ്യുന്ന കടയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകരയിലാണ് സംഭവം. കോറോത്ത് റോഡ് തൈക്കണ്ടിവളപ്പില്‍ മഹമ്മദ് മത്തലീബി (40) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി മുത്തലിബ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. അതിക്രമത്തിനിടയില്‍ യുവതിയുടെ കൈക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അഴിയൂര്‍ പാനട വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മുത്തലീബ്. പ്രദേശത്ത് യുവജന സംഘടനയുടെ നിയന്ത്രണത്തലുള്ള ആംബുലന്‍സില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മത്തലിബിനെ റിമാൻഡ് ചെയ്തു.
അതിനിടെ ഹരിപ്പാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെതിരെ പോക്സോ കേസെടുത്തു എന്നതാണ്. അഞ്ച് മാസം ഗർഭിണിയായ 17 വയസ്സുകാരി കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയതോടെയാണ് പീഡന വിവരം പുറത്തായത്. സംഭവത്തിൽ, യുവാവിനെതിരെ പോക്സോ, പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നാണ് ഹരിപ്പാട് താമല്ലാക്കൽ സ്വദേശിയായ 23 കാരന്റെ വീട്ടിൽ പെൺകുട്ടി നേരിട്ടെത്തിയത്. അമ്പരന്ന വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഹരിപ്പാട് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു.
പെൺകുട്ടി നൽകിയ മൊഴിയിലാണ് പീഡന വിവരം വെളിപ്പെട്ടത്. 2023 ൽ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. തുടർന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇതിനുശേഷം ബെംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെവെച്ചും പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. സംഭവത്തെ തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവിനെതിരെ പോക്സോ, പട്ടികജാതി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.